Friday, 31 July 2009

ഇന്തോ - അമേരിക്കന്‍ കരാറും ..... ആക്ഷേപങ്ങളും.....


സങ്കുചിത പ്രായോഗിക രാഷ്ട്രീയക്കാര്‍ക്ക്‌ ഇന്നത്തെ കാലത്ത്‌ തീരെ ദീര്‍ഘവീഷണം ഇല്ലെന്ന്‌ പറയാറുണ്ട്‌. അവര്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച്‌ മാത്രം ചിന്തിക്കുന്നു. അടുത്ത തലമുറയെ കുറിച്ച്‌ ആലോചിക്കുന്നില്ല. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്‌. എം. കൃഷ്ണയുമായി ഒപ്പു വച്ച കരാറിനെ കുറിച്ച്‌ പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയില്‍ നിന്ന്‌ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണ്‌ ഇങ്ങനെ ചിന്തിച്ചു പോയത്‌. സൈനികരംഗത്തും ബഹിരാകാശ ഗവേഷണ മേഖലയിലും സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന കരാറാണ്‌ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്‌. രണ്ട്‌ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒപ്പു വയ്ക്കുന്ന സഹകരണ കരാറിന്‌ ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്കിണങ്ങിയ ചില വ്യവസ്ഥകള്‍ ഉണ്ടാകും. ആ വ്യവസ്ഥകളുടെ അരികും മൂലയും വായിച്ച്‌ പരമാധികാരം അടിയറ വെക്കുകയാണെന്നും മറ്റും വ്യാഖ്യാനിക്കുന്നത്‌ അതിരുകടന്ന നടപടിയാണ്‌.

ഇന്തോ-അമേരിക്കന്‍ പ്രതിരോധകരാര്‍ ഒരുതരത്തിലും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചയുടെ പരിണതഫലമാണ്‌ ഇപ്പോള്‍ ഒപ്പു വയ്ക്കപ്പെട്ടിരിക്കുന്ന കരാര്‍. കരാറിലെത്തും മുമ്പ്‌ ഇന്ത്യ എല്ലാത്തരം വിലപേശലും കൃത്യമായി നടത്തിയിട്ടുണ്ടെന്ന്‌ പ്രതിരോധവകുപ്പ്‌ മന്ത്രി എ. കെ. ആന്റണി അറിയിക്കുന്നു. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളുമായി ബി. ജെ. പി. ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടു പോകുന്നതിനാല്‍ ഈ മാസം 29ന്‌ പാര്‍ലമെന്റില്‍ കരാറിനെ കുറിച്ച്‌ വിശദമായ ചര്‍ച്ചനടക്കും.അമേരിക്ക വളര്‍ത്തിയെടുത്ത മുതലാളിത്ത സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ ഈയിടെ വന്‍ തിരിച്ചടിയുണ്ടായി എന്നത്‌ നേരുതന്നെ. എന്നു കരുതി ശാസ്ത്ര സാങ്കേതിക രംഗത്തും പ്രതിരോധ പ്രവര്‍ത്തന രംഗത്ത്‌ അമേരിക്കയുടെ ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല. 2001 സെപ്തംബര്‍ 11ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം ലോകോത്തരമാണ്‌. ഭീകര ഭീഷിണി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തലവേദനയായിക്കൊണ്ടിരിക്കെ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളില്‍ നിന്ന്‌ ലോകത്തിന്‌ പലതും പഠിക്കാനുണ്ട്‌.

അണു ഊര്‍ജ ഉത്പാദന രംഗത്ത്‌ അമേരിക്ക കൈവരിച്ചിട്ടുള്ള പുരോഗതി ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഏതു ജന സമൂഹത്തിനും പാഠമാകേണ്ടതാണ്‌. ഇന്ത്യയുടെ ഭാവിയെ കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുള്ള പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റ്‌ രാഷ്ട്ര നേതാക്കളും അമേരിക്കയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുമായി സഹകരിക്കുകയും ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്‌ സ്വാഭാവികം മാത്രമാണ്‌. തിരഞ്ഞെടുപ്പ്‌ ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള ഒരു ചെപ്പടി വിദ്യയല്ല ഭരണകൂടത്തിന്റെ മുഖ്യ ദൗത്യം. ഫ്രാന്‍സുമായി ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്‌. റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നു. ചൈനയുമായി സംയുക്ത സൈനിക അഭ്യാസംവരെ നടത്തുന്നു. ഇതിലൊന്നും യാതൊരു ആക്ഷേപവും ആരും ഉന്നയിക്കുന്നില്ല.
ആ കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തുന്നുവെന്ന്‌ എങ്ങും പറഞ്ഞു കേള്‍ക്കുന്നില്ല. അമേരിക്കയുമായി കരാറുണ്ടാക്കിയാല്‍ മാത്രം വലിയ അപകടം എന്ന വാദം എന്തു കൊണ്ടുവരുന്നു.? സൈനിക ഉടമ്പടിയും ആണവകരാറും ചില ശാസ്ത്ര സാങ്കേതിക അറിവുകളുടെ വിനിമയം ഉള്‍പ്പെട്ടതാണ്‌.

നിയതമായ വ്യവസ്ഥകളോടെ മാത്രമെ സാങ്കേതിക അറിവുകള്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‌ കൈമാറുകയുളളു. 'എന്‍ഡ്‌ യൂസ്‌ മോണിറ്ററിംഗ്‌ കരാര്‍ ' എന്നു പറഞ്ഞാല്‍ കൈമാറ്റപ്പെട്ട വിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ലൈസന്‍സ്‌ മാത്രമാണ്‌.
ആഗോള വിപണന മേഖലയിലെ ഒരു മര്യാദ മാത്രമാണത്‌. അറിവ്‌ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന്‌ പരിശോധിക്കുവാന്‍ അത്‌ നല്‍കുന്നവര്‍ക്ക്‌ അപകാശമുണ്ട്‌. ബിസിനസ്സ്‌ എത്തിക്സ്‌ വിപണി മര്യാദയെന്നോ ഒക്കെ പറയാവുന്ന ഒരു കാര്യം. അത്‌ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന്‌ വ്യാഖ്യാനിച്ച്‌ ഉറഞ്ഞു തുള്ളുന്നത്‌.
വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണ്‌. ഇന്ത്യും അമേരിക്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം സിവിലിയന്‍ ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ സി. പി. എം. ഉള്‍പ്പെട്ട ഇടതുപക്ഷം ഇതേ ആക്ഷേപം ഉന്നയിച്ച്‌ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല. യു. പി. എ. യില്‍ നിന്ന്‌ അതിന്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ വിട്ടുപോയി.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ്‌ നയിച്ച ഗവണ്‍മെന്റിന്റെ നിലപാടിന്‌ പൂര്‍ണ്ണ അംഗീകാരം നല്‍കുകയും ഇടത്‌ പാര്‍ട്ടികളുടെ വാദഗതികള്‍ വെറും തൃണം പോലെ ദൂരെ കളയുകയും ചെയ്തു. ജനങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ഇന്തോ-യു. എസ്‌. കരാര്‍ നേടിയെടുത്തു. അതില്‍ നിന്ന്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഇടതു പക്ഷത്തിനാണ്‌ പിഴച്ചത്‌. ഇപ്പോഴും പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ്‌ അവര്‍ പയറ്റുന്നത്‌. ജനാധിപത്യ വ്യവസ്ഥയില്‍ വിയോജിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ വിമര്‍ശകരുടെ ലക്ഷ്യം ക്രിയാത്മകമായിരിക്കണം. രാജ്യതാത്പര്യം നശിപ്പിക്കാന്‍ വേണ്ടിയാകരുത്‌.സാദാ രാഷ്ട്രീയ നിലവാരത്തിന്‍ നിന്ന്‌ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ജനതാത്പര്യത്തിന്‌ മുന്‍തൂക്കം നല്‍കി ഒരുപാട്‌ ഇനിയും ഉയരേണ്ടിയിരിക്കുന്നു

Monday, 29 June 2009

'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളെല്ലാം തൂവല്‍ മിനുക്കുകയാണ്‌. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളാല്‍ തലകുത്തി മറിയുന്ന സി.പി.എമ്മും അതേകാരണങ്ങളാല്‍ കാലവിഭ്രമം പൂണ്ട ബി.ജെ.പിയും ഇക്കാര്യത്തില്‍ ഏറെക്കുറെ സമാനമാണ്‌. അന്തഃസംഘര്‍ഷവും ആശയക്കുഴപ്പവും നിലനില്‍ക്കുമ്പോഴും ഹിന്ദുത്വ അജന്‍ഡ ഉപേക്ഷിച്ചിട്ടില്ലെന്നാണ്‌ ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിനുശേഷം ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്‌. അദ്വാനിയും മോഡിയും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും എടുത്തുവീശിയ ഹിന്ദുത്വത്തിന്റെ ആയുധങ്ങള്‍ക്കൊന്നും മൂര്‍ച്ച പോരായിരുന്നുവെന്ന്‌ അവരുടെ ആത്മീയ ആചാര്യന്മാര്‍ ആര്‍.എസ്‌.എസില്‍ നിന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌. പരിഭവത്തോടെ അവര്‍ പറഞ്ഞു; "ബി.ജെ.പി ഹിന്ദുത്വം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌". തോല്‍വിയുടെ കാരണം പഠിച്ച നേതാക്കള്‍ക്ക്‌ ആ പരിഭവത്തിന്റെ ആന്തരാര്‍ത്ഥം മനസ്സിലായി.

അതുകൊണ്ടാണ്‌ അദ്വാനിയും രാജ്നാഥ്‌ സിങ്ങും ഹിന്ദുത്വത്തെക്കുറിച്ച്‌ ആവര്‍ത്തിച്ചിരിക്കുന്നത്‌. ഒരാള്‍ (അദ്വാനി) മൃദുഹിന്ദുത്വവും അപരന്‍ കഠിനഹിന്ദുത്വവും മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുടെ സെക്യുലര്‍ അടിത്തറയ്ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ ഇവര്‍ കൂടെക്കൂടെ എടുത്തടിക്കുന്ന ഹിന്ദുത്വം യഥാര്‍ത്ഥത്തില്‍ അങ്ങനൊന്നുമല്ലെന്ന്‌ ജ്ഞാനികള്‍ക്കറിയാം. അറിവില്ലാത്തവന്റെ കയ്യില്‍ അപകടകരമായ ഒരായുധമായിത്തീരേണ്ടെന്ന്‌ കരുതിയാവാം ബി.ജെ.പി തുമ്പിയെപ്പോലെ കല്ലെടുക്കേണ്ടെന്ന്‌ ആര്‍.എസ്‌.എസ്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പ്‌ പരാജയകാരണം ബി.ജെ.പി കരുതുന്നതുപോലെ ഹിന്ദുത്വം എന്ന ആയുധത്തിന്റെ പ്രയോഗവൈകല്യം കൊണ്ട്‌ ഉണ്ടായതല്ല. ആധുനിക വീക്ഷണമുള്ള യുവാക്കള്‍ അടങ്ങിയ ഇന്ത്യന്‍ ജനസമൂഹത്തിന്റെ അഭിലാഷങ്ങള്‍ തിരിച്ചറിയാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനും മറ്റും കഴിയാതെപോയതാണ്‌ അവരുടെ പതനങ്ങള്‍ക്ക്‌ കാരണം. ഇന്ത്യ ഇവരൊക്കെ കരുതുംപോലെ ഒരു മതരാഷ്ട്രമല്ല.

ഇവര്‍ എത്ര ശ്രമിച്ചാലും ചരിത്രപരമായി തന്നെ സെക്യുലര്‍ ആയ ഇന്ത്യയെ ഏതെങ്കിലും (ഭൂരിപക്ഷമോ ന്യൂനപക്ഷമോ) മതത്തിന്റെ ഇടുങ്ങിയ കോട്ടയ്ക്കുള്ളില്‍ തളച്ചിടാന്‍ കഴിയില്ല. ശങ്കരാചാര്യര്‍ക്കുശേഷം ഹിന്ദുത്വത്തെ ലോകവേദികളിലെത്തിച്ചത്‌ മഹാനായ ദാര്‍ശനികന്‍ വിവേകാനന്ദ സ്വാമിയാണ്‌. കന്യാകുമാരിയില്‍ കടല്‍നീന്തിച്ചെന്ന്‌ ഒരു പാറമേല്‍ ധ്യാനനിരതനായി ഭാരതദര്‍ശനം നടത്തിയ ആ ഋഷിവര്യന്‍ ഹിമഗിരി ശിഖരങ്ങളില്‍നിന്ന്‌ ഒഴുകി സമുദ്രത്തില്‍ പതിക്കുന്ന ഗംഗ ഈ മഹാരാജ്യത്തിന്‌ നല്‍കിയ സംസ്കാരത്തിന്റെ ഏകീഭാവത്തെക്കുറിച്ച്‌ ഗാഢമായി ആലോചിച്ചിട്ടുണ്ട്‌. അദ്ദേഹം ധ്യാനിച്ച സ്ഥലത്ത്‌ കൃഷ്ണശിലയില്‍ പിന്നീട്‌ രൂപമെടുത്ത വിവേകാനന്ദ ക്ഷേത്രവും പ്രതിഷ്ഠയും രാഷ്ട്രപതിയായിരുന്ന വരാഹഗിരി വെങ്കട്ടഗിരി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. അവിസ്മരണീയമായ ആ ചടങ്ങില്‍ അന്നത്തെയും ഇന്നത്തെയും തമിഴ്‌നാട്‌ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി നടത്തിയ അധ്യക്ഷപ്രസംഗം ഇങ്ങനെയായിരുന്നു: 'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍. കണ്ണീരിന്‍ കടല്‍. അന്തമാതിരി ഹിന്ദുമതവും ഇസ്ലാം മതവും ഈശായിമതവും ഒരേമതം താന്‍. കണ്ണീരിന്‍ മതം. ജീവിതമാന കടല്‍. കണ്ണീരിന്‍ കടല്‍'.

മൂന്ന്‌ മഹാസമുദ്രങ്ങള്‍ സംഗമിക്കുന്ന ആ പുണ്യസ്ഥാനത്തെ തിരമാലകള്‍പോലും കരുണാനിധിയുടെ ഈ വാക്കുകള്‍ കേട്ട്‌ കോരിത്തരിച്ചിരിക്കാം. അതിന്റെ അലയടി ഇന്ത്യയുടെ മഹാസംസ്കാരത്തില്‍നിന്ന്‌ ഉത്ഭവിച്ച്‌ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇടറാതെ അഭംഗുരം പ്രതിധ്വനിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ മത ആചാരങ്ങളെയും വിശ്വാസങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ഉപയോഗിക്കുന്നവര്‍ ഇന്ത്യയുടെ സെക്യുലര്‍ സംസ്കാരത്തിന്റെ അടിത്തറയിലാണ്‌ ടൈംബോംബ്‌ സ്ഥാപിക്കുന്നത്‌. പ്രബുദ്ധ സമൂഹം കഴിഞ്ഞമാസം അത്‌ തിരിച്ചറിയുകയും തരികിട പാര്‍ട്ടികളായ ബി.ജെ.പിയെയും സി.പി.എമ്മിനെയും രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലാത്ത തരത്തില്‍ തിരസ്കരിക്കുകയും ചെയ്തു. ആ തിരസ്കാരത്തിന്റെ കാരണം തിരഞ്ഞ്‌ ദിക്ഭ്രമം പൂണ്ട്‌ ഓടുകയാണ്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍.

അനേകം മതങ്ങള്‍ ഉത്ഭവിക്കുകയും അപ്രതൃക്ഷമാവുകയും ചെയ്ത ഇന്ത്യന്‍ മണ്ണില്‍ ഹിന്ദു എന്നത്‌ ഒരു മതമല്ല. ഒരു ജനസമൂഹത്തിന്റെ ആചാരവും വിശ്വാസവും ചേര്‍ന്ന സംസ്കാരമാണ്‌. സിന്ധു നദിയുടെ താഴ്‌വരയില്‍ വസിച്ചിരുന്ന ജനസമൂഹത്തെ നോക്കി പേര്‍ഷ്യന്‍ സഞ്ചാരികള്‍ വിളിച്ച വാക്കിന്റെ പരിണതരൂപമാണ്‌ ഹിന്ദു. ബുദ്ധ-ജൈന മതങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും അനേകം വിദേശ മതവിശ്വാസങ്ങള്‍ക്ക്‌ ആതിഥ്യമരുളുകയും ചെയ്ത ഇന്ത്യയില്‍ സര്‍വ്വമതങ്ങളും ചേര്‍ന്ന ഒരു രാഗമാലികയായി ജീവിക്കുന്ന സമൂഹമാണ്‌ നിലനില്‍ക്കുന്നത്‌. വേദകാലം മുതല്‍ വിജ്ഞാനകുതുകികളായ അന്വേഷകര്‍ പ്രപഞ്ചരഹസ്യം തേടിയലഞ്ഞ മണ്ണാണിത്‌. നൂലെത്താക്കയം പോലെ നീലിമയാര്‍ന്ന ഈ പ്രപഞ്ചം കാലാന്തരങ്ങളുടെ സൃഷ്ടിയാണോ എന്നവര്‍ സന്ദേഹിച്ചു. യഥാര്‍ത്ഥത്തില്‍ സൃഷ്ടിതന്നെ നടന്നുവോ? സൃഷ്ടിവാദികള്‍ക്കൊപ്പം ഡാര്‍വിനുശേഷം പരിണാമവാദികള്‍ ഉണ്ടായി.

വിജ്ഞാനികളും അജ്ഞാനികളുമായ മനുഷ്യരുടെ ആശയയുദ്ധം അവിരാമം തുടരുകയാണ്‌.
സെക്യുലറിസം മതനിരാസമല്ല. എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വമാണ്‌. ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യാനിയെന്നും പാഴ്സിയെന്നും മനുഷ്യരെ വേര്‍തിരിച്ചുകാണാതെ ആധുനിക ജനാധിപത്യ സംസ്കാരത്തിന്‌ ചേര്‍ന്നവിധം സമത്വഭാവേന വീക്ഷിക്കുന്നതാണ്‌ ഇന്ത്യന്‍ സെക്യുലറിസം. മഹാകവി ലാല്‍കൃഷ്ണ അദ്വാനിക്കും ശിഷ്യഗണങ്ങള്‍ക്കും ഇതുവല്ലതും മനസ്സിലാകുമോ? ഹിന്ദുത്വം കൈവിടില്ലപോലും. ചരിത്രസ്മാരകങ്ങളെ ഇടിച്ചുനിരത്താന്‍ കര്‍സേവകരെ അണിനിരത്തുകയും ഇന്ത്യന്‍ സെക്യുലറിസത്തിന്റെ ആത്മാവിലൂടെ രഥയാത്ര നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ ചിന്താശീലരായ ജനങ്ങള്‍ നല്‍കിയ മനോഹരമായ മറുപടിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഫലം.


Wednesday, 17 June 2009

സംസ്ഥാനത്തെ ഭരണമുന്നണി, ജനങ്ങള്‍ക്ക്‌ മടുത്തു


ലാവലിന്‍ അഴിമതിക്കേസ്‌ സംസ്ഥാനത്തുണ്ടാക്കിയ ഭരണസ്തംഭനം പൊതുജീവിതത്തെപ്പോലും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേസും കോടതിയും രാഷ്ട്രീയ വിവാദങ്ങളും മുറപോലെ നടക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ ഭരണകൂടം നിര്‍വ്വഹിക്കേണ്ട പ്രധാന കാര്യങ്ങള്‍പോലും ശ്രദ്ധിക്കാന്‍ ആളില്ലാതായിരിക്കുകയാണ്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പത്‌ പേരെ പ്രതികളാക്കി സി.ബി.ഐ ഇന്നലെ ലാവലിന്‍ അഴിമതിക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്‌. ഒരു കമ്യൂണിസ്റ്റ്‌ നേതാവ്‌ ഇത്തരമൊരു കേസില്‍ പ്രതിയാകുന്നതും ആദ്യത്തെ സംഭവമാണ്‌. കേസിന്റെ സ്വഭാവവും രാഷ്ട്രീയ പ്രാധാന്യവും ചെറിയ കാര്യമല്ല. വരുംദിവസങ്ങളില്‍ കോടതിയും നിയമജ്ഞരും ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരും കേസ്‌ കൈകാര്യം ചെയ്യട്ടെ.

അതിന്റെ പേരില്‍ സംസ്ഥാനത്ത്‌ ഭരണസ്തംഭനം ഉണ്ടാകുന്നതും ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്നതരത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നതും അഭിലഷണീയമല്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പലപല ഊരാക്കുടുക്കുകളില്‍പ്പെട്ട്‌ നട്ടംതിരിയുകയാണ്‌. പഞ്ഞമാസക്കാലമാണിത്‌. തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭവും മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നകാലം. രോഗവും ക്ഷാമവും ഈ സമയത്ത്‌ സാധാരണയാണ്‌. ഭക്ഷ്യദൗര്‍ലഭ്യമുണ്ട്‌. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയിലാണ്‌. തീരപ്രദേശം മുതല്‍ മലയോരങ്ങള്‍ വരെ സാധാരണമനുഷ്യര്‍ ജീവിതദുരിതങ്ങള്‍ നേരിടുന്ന സമയത്ത്‌ സംസ്ഥാനത്തെ ഭരണാധികാരികള്‍ സി.പി.എമ്മിലെ ഗ്രൂപ്പ്‌ യുദ്ധത്തിന്റെ മൂര്‍ച്ച കൂട്ടുന്നതില്‍ മുഴുവന്‍ സമയം ബദ്ധശ്രദ്ധരായി കഴിയുന്നു.

വിദ്യാലയങ്ങള്‍ തുറന്നു. പ്രൈമറി സ്കൂള്‍ മുതല്‍ ഉന്നത കലാശാലകള്‍ വരെ എത്തിനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്‌. പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശന മാനദണ്ഡമോ ഫീസോ കൃത്യമായി നിശ്ചയിച്ചിട്ടില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ ഇക്കൊല്ലം എന്ത്‌ മാനദണ്ഡത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും എന്ന്‌ നിശ്ചയമില്ല. പതിനഞ്ചാംതീയതി പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ പുറത്തുവരികയാണ്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവേശന കൗണ്‍സലിങ്ങ്‌ തുടങ്ങണം. മെറിറ്റ്‌ ക്വാട്ടയിലും മാനേജ്മെന്റ്‌ ക്വാട്ടയിലും പ്രവേശനാനുമതി ലഭിക്കുന്ന കുട്ടികള്‍ ആരായിരിക്കും, അവര്‍ നല്‍കേണ്ടിവരുന്ന ഫീസ്‌ എന്തായിരിക്കും എന്നൊന്നും സര്‍ക്കാര്‍ ഈ പതിനൊന്നാം മണിക്കൂറിലും നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ആയിരം ദിവസങ്ങളായി ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അനിശ്ചിതത്വത്തിന്റെ മുകളില്‍ അടയിരിക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക്‌ സ്വന്തം പാര്‍ട്ടിയിലെ അന്തച്ഛിദ്രത്തില്‍ ഭാഗഭാക്കാകാനുള്ള നെടുനീളന്‍ വാചകങ്ങളും ഉത്സാഹങ്ങളും മാത്രമേ ജനങ്ങള്‍ കാണുന്നുള്ളൂ.

വിദ്യാഭ്യാസവിഷയം ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ വിചാരഗതികളില്‍ ഇല്ലതന്നെ. എന്തിന്‌ വിദ്യാഭ്യാസമന്ത്രിയെ മാത്രം കുറ്റപ്പെടുത്തണം? പകര്‍ച്ചവ്യാധികള്‍ കൊണ്ട്‌ വലയുന്ന പാവങ്ങള്‍ക്ക്‌ ധര്‍മ്മാശുപത്രികളെ ശരണം പ്രാപിക്കാനുള്ള ധൈര്യമില്ല. കാരണം അവിടെ ചികിത്സിക്കാന്‍ വിദഗ്ധരോ ഔഷധമോ ചികിത്സാ ഉപകരണങ്ങളോ ഉണ്ടായിട്ടുവേണ്ടേ? പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ വിട്ട്‌ ആരോഗ്യമന്ത്രി ശ്രീമതി പോലും പാര്‍ട്ടിയുടെ ബുദ്ധിജീവി ചമഞ്ഞ്‌ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതികരണവിദഗ്ധയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌. പഞ്ഞമാസക്കാലത്ത്‌ പട്ടിണി കിടക്കേണ്ടിവരുന്നവര്‍ക്ക്‌ സൗജന്യനിരക്കില്‍ റേഷന്‍ നല്‍കാന്‍ സര്‍ക്കാരിന്‌ ആലോചനപോലുമില്ല. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റത്തിന്‌ അടിസ്ഥാനകാരണം എന്തെന്നുപോലും വില്‍ക്കുന്നവരോ വാങ്ങുന്നവരോ അറിയുന്നില്ല.

പൊതുവിതരണരംഗത്ത്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്ലാത്തതുകൊണ്ട്‌ വിലവര്‍ദ്ധനവ്‌ നിയന്ത്രിക്കാന്‍ ആളില്ല. സംസ്ഥാനത്തെ പൊതുനിരത്തുകള്‍ മുഴുവന്‍ തുടര്‍ച്ചയായ മഴ മൂലം തകര്‍ന്ന്‌ നാമാവശേഷമായിരിക്കുന്നു. തന്മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും അധികൃതര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.
ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന നിരവധി ദൈനംദിന പ്രശ്നങ്ങളുണ്ട്‌. മഴക്കാലവും വൈദ്യുതി നിയന്ത്രണത്തിന്റെ പേരിലുള്ള ലോഡ്ഷെഡിങ്ങും മോഷ്ടാക്കള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്‌. അത്‌ പതിവാണെന്ന ഭാവത്തില്‍ പൊലീസ്‌ അനങ്ങുന്നില്ലെന്ന കാര്യം ആഭ്യന്തരമന്ത്രി അറിഞ്ഞിട്ടുണ്ടാകില്ല. എങ്ങനെ അറിയാനാണ്‌? ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ ആവേശപൂര്‍വ്വം ഇറങ്ങിയിരിക്കുകയല്ലേ കോടിയേരി.

ലാവലിന്‍ അഴിമതിക്കേസ്‌ ഏതായാലും കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ ഈ കേസിനെ നിയമത്തിന്റെ വഴിക്കുവിടണം. സംസ്ഥാനത്തെ ജനങ്ങളെ ഓര്‍ത്തുപറയുകയാണ്‌. ഈ കേസിന്റെ പേരില്‍ ജനങ്ങള്‍ ഒരുപാട്‌ സഹിക്കുന്നുണ്ട്‌. അപരാധികളല്ലാത്ത ജനങ്ങളെ സി.പി.എം ആവശ്യമില്ലാതെ ശിക്ഷിക്കുകയാണ്‌. മൂന്നുകൊല്ലം മുമ്പ്‌ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ ഭരണത്തിലേറ്റിപ്പോയി എന്ന ഏക കുറ്റം മാത്രമേ സംസ്ഥാനത്തെ ജനങ്ങള്‍ ചെയ്തിട്ടുള്ളൂ. അവര്‍ പ്രതീക്ഷിച്ച ഗുണമൊന്നും ഇടതുഭരണാധികാരികളില്‍ നിന്ന്‌ ഇതുവരെ ഉണ്ടായിട്ടില്ല. കെടുതികള്‍ക്കാണെങ്കില്‍ ഒരു അന്തവുമില്ലതാനും. സി.പി.എമ്മും ഇടതുമുന്നണിയും ഭരണത്തിന്റെ മുഷ്ക്കും അധികാരത്തിന്റെ ഗര്‍വ്വുംകൊണ്ട്‌ കേരളത്തിന്റെ പാവപ്പെട്ട ജീവിതത്തെ നിത്യവും പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്‌. എന്ത്‌ കുറ്റം ചെയ്താലും പശ്ചാത്താപമില്ലാത്ത കഠിനമനസ്കരായ നേതാക്കള്‍ കേരളത്തിലെ ജനങ്ങളുടെ വികാര വിക്ഷോഭങ്ങള്‍ കാണുന്നില്ല.

ജനങ്ങളുടെ മനോഭാവം തിരിച്ചറിയാനുള്ള എളിമയോ കഴിവോ ഇല്ലാത്തവിധം മൂഢന്‍മാരായ ഒരുകൂട്ടം ആളുകളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു . ജനങ്ങള്‍ക്ക്‌ ഹിതകരമാംവിധം ഭരണം നടത്താന്‍ അറിയില്ലെങ്കില്‍ രാജിവെച്ചിട്ട്‌ പാര്‍ട്ടിയിലെ പരസ്യമായ വിഴുപ്പലക്ക്‌ പുറത്ത്‌ തുടര്‍ന്നുകൊള്ളുക. സാമാന്യജനങ്ങള്‍ക്ക്‌ സി.പി.എമ്മിലെ ചേരിപ്പോരില്‍ ഇപ്പോള്‍ യാതൊരു കൗതുകവുമില്ല

Thursday, 11 June 2009

സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?


ലാവലിന്‍ അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടിവരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും കൂട്ടരുടെയും അങ്കലാപ്പ്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ 'കരിദിനം' കൊണ്ട്‌ സി.പി.എം ഒരുദിവസം ശിക്ഷിച്ചു. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ പിണറായിയുടെ ഗുണ്ടകളുടെ പ്രതിഷേധം അക്രമാസക്തമാകുകയും ബന്ദായി പരിണമിക്കുകയും ചെയ്തു. കരിദിനത്തിന്റെ പേരില്‍ സ്കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. പൊതുവാഹനങ്ങള്‍ തീയിടുകയും ബസുകള്‍ക്ക്‌ കല്ലെറിയുകയും ചെയ്തത്‌ എന്തുതരം കരിദിനാചരണം ? കണ്ണൂരില്‍ കെ.എസ്‌.യു നേതാക്കളായ കമല്‍ജിത്ത്‌, റിജില്‍ മാക്കുറ്റി എന്നിവരെ കയ്യേറ്റം ചെയ്യാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ അരിശം തീര്‍ക്കുന്നതുപോലെയാണ്‌ കഴിഞ്ഞദിവസം പിണറായിപ്പട കേരളത്തില്‍ അഴിഞ്ഞാടിയത്‌.

കൂത്തുപറമ്പിലും പത്തനംതിട്ടയിലും കോണ്‍ഗ്രസ്‌ ഓഫീസിനുനേരെയും മാര്‍ക്സിസ്റ്റ്‌ ഗുണ്ടകള്‍ അരിശം തീര്‍ത്തു. ഇതുകൊണ്ടൊന്നും ലാവലിന്‍ അഴിമതി കേസിന്റെ വിചാരണയില്‍നിന്ന്‌ പിണറായി വിജയന്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. 
സംസ്ഥാന മന്ത്രിസഭയുടെയും അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം മാനിക്കാതെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ സി.പി.എം നേതാവിനെതിരെ അഴിമതിക്കേസില്‍ വിചാരണയ്ക്ക്‌ അനുമതി നല്‍കിയതാണ്‌ ഇപ്പോള്‍ പിണറായി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ആര്‍.എസ്‌. ഗവായ്‌ ഗവര്‍ണര്‍ പദവിക്ക്‌ അപമാനമുണ്ടാക്കിയെന്ന്‌ വൈക്കം വിശ്വനും ഗവര്‍ണര്‍ നടപടിക്രമം ലംഘിച്ചെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നു. ഗവര്‍ണര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അരുതാത്തതെന്തോ ചെയ്തുപോയി എന്നതാണ്‌ സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കൊപ്പം ചില മാധ്യമസുഹൃത്തുക്കളുടെയും സി.പി.എം സഹയാത്രികരായ ചില നിയമജ്ഞരുടെയും പക്ഷം.

374.5 കോടി രൂപയുടെ പൊതുനഷ്ടം ഉണ്ടാക്കിയ ലാവലിന്‍ അഴിമതിക്കേസില്‍ നീതിബോധമുള്ള ഒരു ഗവര്‍ണര്‍ വേറെന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്നാണ്‌ ഇവരുടെ അഭിപ്രായം? ഭരണഘടനാപരമായി ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം മാത്രമാണ്‌ ആര്‍.എസ്‌. ഗവായ്‌ ലാവലിന്‍ കേസില്‍ സ്വീകരിച്ചിട്ടുള്ളത്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 165 (2) പ്രകാരം അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഭരണകൂടം നീതിയുക്തമായി തീരുമാനമെടുക്കുന്നില്ലെന്ന്‌ ബോധ്യം വന്നാല്‍ ഗവര്‍ണര്‍ക്ക്‌ ഈ അധികാരം പ്രയോഗിക്കാന്‍ അവകാശമുണ്ട്‌. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ ഇപ്പോള്‍ എടുത്ത തീരുമാനം വഴി സംസ്ഥാനത്ത്‌ പൊലീസ്‌ രാജിന്‌ വഴിവയ്ക്കുകയാണെന്ന്‌ വിമര്‍ശിച്ച പരിണിതപ്രജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ 1987ല്‍ ഏഴംഗ ബഞ്ചിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണറുടെ വിവേചനാധികാരം എടുത്തുകാട്ടിയിട്ടുള്ള കാര്യം അദ്ദേഹം മറന്നുപോയിരിക്കാനിടയില്ല.

ചീഫ്‌ ജസ്റ്റിസ്‌ എ.എന്‍. റേ ഉള്‍പ്പെടെ ആറ്‌ ജഡ്ജിമാര്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാനിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന്‌ വാദിച്ചപ്പോള്‍ അതിന്‌ ചില അപവാദങ്ങളുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കൃഷ്ണയ്യര്‍ തന്റെ വിരുദ്ധ നിലപാട്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ചരിത്രസംഭവമാണ്‌. അതിനുശേഷം എ.ആര്‍. ആന്തുലെ കേസില്‍ രണ്ടുതവണ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍മാര്‍ വിവേചനാധികാരം പ്രയോഗിച്ചിട്ടുള്ളകാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്‌. ഈ വസ്തുതകളൊക്കെ മറന്നാണ്‌ വൈക്കം വിശ്വനും കോടിയേരിയും മറ്റ്‌ മാര്‍ക്സിസ്റ്റുകാരും ഇപ്പോള്‍ ഗവര്‍ണര്‍ ഗവായിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദ്‌ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശം കുറ്റമറ്റതല്ലെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു. എന്തെന്നാല്‍ എ.ജി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. അവശ്യംവേണ്ട രേഖകളില്ലാതെ അപൂര്‍ണ്ണമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുപോലൊരു കേസില്‍ എ.ജി നല്‍കിയ നിയമോപദേശം അതിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തള്ളിപ്പോകാവുന്നതാണ്‌.

എന്നാല്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്‌ മെരിറ്റോ, നിയമമോ, ഭരണഘടനയോ, നീതിന്യായമോ ഒന്നും ആവശ്യമില്ലല്ലോ. ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ അഴിമതിക്കേസില്‍നിന്ന്‌ രക്ഷിക്കണം. അതിന്‌ പാര്‍ട്ടിയുടെ ദാസനായ എ.ജി നല്‍കിയ ഉപദേശത്തിന്റെ നിയമപരമായ പിന്‍ബലവും കരുത്തുമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഗവര്‍ണര്‍ നീതിമാനാണെങ്കില്‍ അങ്ങനെ സൗകര്യപൂര്‍വ്വം തട്ടിക്കൂട്ടിയ ഉപദേശത്തിന്റെ പേരിലുള്ള മന്ത്രിസഭാ തീരുമാനം സ്വീകരിക്കാന്‍ വിസമ്മതിക്കും. ആര്‍.എസ്‌. ഗവായ്‌ ഇവിടെ ചെയ്തതും അതാണ്‌. അദ്ദേഹം ഒന്നുകൂടി ചെയ്തു. രാജ്യത്ത്‌ ഇത്തരം വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടെന്ന്‌ കരുതുന്ന പ്രശസ്തരായ നിയമജ്ഞരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം ആരായുകയും സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു.

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ വിചാരണ ചെയ്യപ്പെടാന്‍ തക്ക കുറ്റം ചെയ്തിട്ടുണ്ടെന്ന്‌ ബോധ്യമായതുകൊണ്ടുതന്നെയാണ്‌ ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച്‌ അനുമതി നല്‍കിയത്‌. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷകര്‍ കണ്ടെത്തിയ പ്രതിയെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നത്‌ ഒരു ശിക്ഷാനടപടിയല്ല. പ്രതി കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തിന്‌ വിചാരണവേളയില്‍ കോടതിയില്‍ പറയാം. സമ്മര്‍ദ്ദ സ്വാധീനങ്ങളിലൂടെ കേസിന്റെ വിചാരണയില്‍ നിന്ന്‌ പിണറായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം കൂടുതല്‍ ബലപ്പെടുക. സി.പി.ഐ നേതാവ്‌ എ.ബി ബര്‍ധന്‍ പറഞ്ഞതുപോലെ, വിചാരണ നേരിടാന്‍ തയ്യാറായാല്‍ പിണറായിയുടെ യശസ്സ്‌ വര്‍ധിക്കുകയേയുള്ളൂ.

പകരം ഗവര്‍ണറേയും കോടതിയേയും സി.ബി.ഐയേയും തെറിവിളിച്ച്‌ പാര്‍ട്ടി ഗുണ്ടകളെ അക്രമോത്സുകരാക്കി നാട്ടുകാര്‍ക്കിടയിലേക്ക്‌ ഇറക്കിവിട്ടാല്‍ നീതിക്കും ന്യായത്തിനും എന്തുവിലയാണ്‌ ഉണ്ടാവുക? നീതിന്യായ വ്യവസ്ഥ നിലനില്‍ക്കേണ്ടതില്ലെന്നാണോ സി.പി.എമ്മിന്റെ നിലപാട്‌. പള്ളിക്കും പള്ളിക്കൂടത്തിനും പൊതുവാഹനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നത്‌ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ തോന്നിപ്പോകുന്നു. നാട്ടില്‍ എല്ലാവരും അനുസരിക്കേണ്ട നിയമം പിണറായി വിജയന്‌ മാത്രം ബാധകമല്ലെന്നോ? സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?

Sunday, 7 June 2009

സ്ത്രീ സംവരണം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌


സാമൂഹിക ജീവിതരംഗത്ത്‌ വമ്പിച്ച പരിവര്‍ത്തനത്തിന്‌ വഴിയൊരുക്കുന്ന പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുറത്തുവന്നു. സാധാരണക്കാരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും ജീവിതോന്നമനത്തിന്‌ ഉതകുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ചത്‌. വരുന്ന നൂറ്‌ ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളില്‍ വനിതാസംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഏറ്റവും വിപ്ലവാത്മകം. 
തുല്യനീതിയെക്കുറിച്ചുള്ള നീണ്ട വാചകങ്ങള്‍ കേട്ട്‌ ശീലിച്ച ജനങ്ങള്‍ക്ക്‌ കാര്യത്തോടടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പലരംഗത്തും തുല്യത അനുഭവപ്പെടുന്നില്ല.

അതില്‍ ഒന്നാമത്തേതാണ്‌ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട്‌. രാജ്യത്തെ ജനസംഖ്യയില്‍ നേര്‍പകുതി സ്ത്രീകളാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭകളില്‍ അവരുടെ പ്രാതിനിധ്യം നാമമാത്രവും. അതിന്‌ ഉത്തരവാദികള്‍ ഏതായാലും സ്ത്രീകളല്ല. രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കും സ്ത്രീകളെ പുരുഷനുതുല്യം ആകര്‍ഷിക്കത്തക്ക സാമൂഹിക പരിതസ്ഥിതി ഇല്ലെന്നുമാത്രമല്ല അതിന്‌ അനുഗുണമായ അവസരവും നിലവിലില്ലെന്നതാണ്‌ പ്രധാനം. ഇത്‌ ദൂരീകരിക്കാന്‍ വനിതാ സംവരണം നടപ്പാക്കണമെന്നത്‌ സാമൂഹികനീതിയെക്കുറിച്ച്‌ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. 1996ല്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായി.

യാഥാര്‍ത്ഥ്യത്തിലേക്ക്‌ കടന്നപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും പുറമേ ഭാവിക്കുന്നതിന്‌ വിപരീതമായി വനിതാ സംവരണപ്രശ്നത്തില്‍ നിന്ന്‌ തന്ത്രപൂര്‍വ്വം തലവലിക്കുകയാണ്‌ ചെയ്തത്‌. എല്ലാ പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ ഒന്നിച്ചുനിന്ന്‌ വനിതാ ബില്ലിനുവേണ്ടി മുറവിളി കൂട്ടേണ്ട സ്ഥിതിയുണ്ടായി. പാര്‍ലമെന്റിലും നിയമസഭകളിലും ബില്ലുകള്‍ പാസ്സാക്കാന്‍ അംഗങ്ങളുടെ ഭൂരിപക്ഷമാണ്‌ മാനദണ്ഡം. എന്നാല്‍ വനിതാസംവരണക്കാര്യത്തില്‍ ഭൂരിപക്ഷമല്ല, അഭിപ്രായ സമന്വയം വേണമെന്ന്‌ നേതാക്കള്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സമതാപാര്‍ട്ടി, ശിവസേന തുടങ്ങിയ കക്ഷികള്‍ വനിതാ സംവരണത്തെ അനുകൂലിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനവിധി ഈ കക്ഷികള്‍ക്കെല്ലാം എതിരായിരുന്നു എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്‌.

രാജ്യത്ത്‌ 55 കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന തോന്നലാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ പ്രഖ്യാപനത്തോടെ ഉളവാകുന്നത്‌. സംവരണബില്ലിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന്‌ ദേശീയമിഷന്‍ രൂപീകരിക്കുമെന്നതും മാതൃമരണനിരക്ക്‌ കുറയ്ക്കാന്‍ വനിതകള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതി ഏര്‍പ്പെടുത്തുമെന്നതുമടക്കം നിരവധി പദ്ധതികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമസഭകളിലും പഞ്ചായത്തുകളിലും മറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം എന്ന ആശയം രാജീവ്ഗാന്ധി സര്‍ക്കാരിന്റേതായിരുന്നു. 1993ല്‍ ഇതിനായി ഭരണഘടനയുടെ 73-ാ‍ം ഭേദഗതി പാര്‍ലമെന്റ്‌ പാസ്സാക്കി.

പത്തുലക്ഷത്തോളം സ്ത്രീകള്‍ ഇന്ന്‌ പ്രാദേശിക ഭരണകൂടങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്‌. നൂറുദിവസത്തിനകം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നിയമമാക്കാന്‍ പോകുന്ന വനിതാസംവരണം പഞ്ചായത്ത്‌ ഭരണസമിതികളില്‍ നേര്‍പകുതി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കിവെയ്ക്കുമെന്നാണ്‌ നയപ്രഖ്യാപനത്തിലുള്ളത്‌. ജനസംഖ്യാനുപാതികമായ സംവരണം ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇത്തരത്തില്‍ നടപ്പായാല്‍ വമ്പിച്ച സാമൂഹിക മാറ്റത്തിന്‌ വഴിയൊരുക്കുമെന്നകാര്യം തീര്‍ച്ചയാണ്‌. 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന്‌ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമപ്രദേശങ്ങളില്‍ 1.2 ലക്ഷം വീടുകളും നഗരങ്ങളില്‍ 1.5 ലക്ഷം വീടുകളും ഉടന്‍ നിര്‍മ്മിക്കും. പാവപ്പെട്ടവര്‍ക്ക്‌ എല്ലാമാസവും മൂന്ന്‌ രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയോ ഗോതമ്പോ ലഭ്യമാക്കും.

വരുന്ന നൂറുദിവസത്തിനുള്ളില്‍ നടപ്പാക്കുന്ന 25 ഇന കര്‍മ്മപരിപാടികള്‍ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി എടുത്തുപറഞ്ഞിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരപ്രദേശങ്ങളിലെ മുഴുവന്‍ ചേരികളും നിര്‍മ്മാര്‍ജ്ജനം ചെയ്യും. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക, സുരക്ഷാ പ്രശ്നങ്ങള്‍ കര്‍ശനമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക തുടങ്ങിയ കാര്യങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്‌ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും കോണ്‍ഗ്രസില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസത്തിനും ബലമേകുന്നതാണ്‌ വരുന്ന ഒരുവര്‍ഷത്തെ ഈ കര്‍മ്മപരിപാടികളിലുള്ള ഓരോ പദ്ധതിയുമെന്ന്‌ എടുത്തുപറയണം.

Friday, 5 June 2009

മഴ മാനത്ത്‌ ; രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തിലും !!!



മഴ മാനത്ത്‌ കണ്ടാല്‍ ദുരിതമയമാകുകയാണ്‌ കേരളം. കാലവര്‍ഷം തുടങ്ങിയതേയുള്ളൂ. രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. തികച്ചും ആതുരമായ ഈ അവസ്ഥാ വിശേഷത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‌ യാതൊരു ഉദ്ദേശ്യവുമില്ലെന്ന്‌ തോന്നുന്നു. ആരോഗ്യവകുപ്പ്‌ മന്ത്രി എവിടാണെന്ന്‌ പോലും ജനങ്ങള്‍ക്കറിയില്ല. രണ്ടുദിവസം ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഭേദപ്പെട്ട നിലയില്‍ മഴപെയ്തു. തെക്കന്‍ കേരളത്തിലും മോശമല്ലാത്ത തരത്തില്‍ മഴ ലഭിച്ചു. എന്നാല്‍ പെയ്ത മഴയെക്കാള്‍ ദുരിതം രണ്ടുദിവസം കൊണ്ട്‌ കേരളമാകെ വ്യാപിച്ചിരുന്നു. രോഗം മഴയെക്കാള്‍ വേഗത്തിലാണ്‌ ഇപ്പോള്‍ ജനങ്ങളെ പിടികൂടുന്നത്‌. സംസ്ഥാനമൊട്ടാകെ ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടരുകയാണ്‌. പകര്‍ച്ചപ്പനി ബാധിച്ച്‌ ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ജപ്പാന്‍ ജ്വരം പിടിപ്പെട്ട 54 പേരുടെ നില അതീവഗുരുതരമാണെന്നും അറിയുന്നു.

നിരവധി പേരില്‍ മാരകമായ ചിക്കുന്‍ഗുനിയ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിലും കുട്ടനാട്ടും കോളറയും പടരുകയാണ്‌. മഴ തുടങ്ങിയപ്പോള്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന്‌ പറയാന്‍ വയ്യ. തിരുവനന്തപുരത്ത്‌ 20 പേര്‍ക്കും കോട്ടയത്ത്‌ 18 പേര്‍ക്കും ഡങ്കിപ്പനി ഉണ്ടെന്നാണ്‌ ആരോഗ്യവകുപ്പ്‌ തന്നെ വെളിപ്പെടുത്തുന്നത്‌. തൃശൂര്‍, വയനാട്‌, ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ വിവിധ ആശുപത്രികളിലായി ധാരാളം പേര്‍ ഡങ്കിപ്പനിക്ക്‌ ചികില്‍സ തേടിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും പനിബാധിച്ചെത്തുന്ന പലരിലും ചിക്കുന്‍ഗുനിയ ബാധയുണ്ടെന്നാണ്‌ സ്ഥിരീകരിക്കപ്പെട്ടത്‌. ഈ രോഗം ആലപ്പുഴയിലും കോട്ടയത്തും ധാരാളം പേരെ ബാധിച്ചിരിക്കുന്നു. കൊതുകുകള്‍ പരത്തുന്ന പനിയുടെ പ്രതിരോധത്തിനോ നിയന്ത്രണത്തിനോ ആരോഗ്യവകുപ്പ്‌ യാതൊരു മുന്‍കരുതലും എടുത്തിരുന്നില്ല.

കാലവര്‍ഷം ഭൂമികുലുക്കം പോലെ പൊടുന്നനെ ഉണ്ടായതല്ല. മേയ്‌ മാസം പകുതി കഴിഞ്ഞാല്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നത്‌ പതിവുള്ളതാണ്‌. ഇക്കൊല്ലം അത്‌ മേയ്‌ മൂന്നാംവാരം തുടങ്ങുമെന്ന്‌ ശാസ്ത്രീയമായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യത്തിലേറെ സമയമുണ്ടായിരുന്നിട്ടും നമ്മുടെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. അതുകൊണ്ടാണ്‌ മഴ തുടങ്ങിയപ്പോള്‍ തന്നെ കേരളമാകെ ഗുരുതരമായ പകര്‍ച്ചവ്യാധിയുടെയും കാലാവസ്ഥാജന്യ രോഗങ്ങളുടെയും പിടിയില്‍ അമര്‍ന്നത്‌. കാലാവസ്ഥാ വ്യതിയാനം കൊണ്ട്‌ സാധാരണ നിലയില്‍ പെട്ടെന്ന്‌ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന പ്രദേശം ആലപ്പുഴയായിരുന്നു. വെള്ളക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ ജീവിത പരിസരം തികച്ചും ആതുരമാണെന്നുള്ള കാരണം കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇത്തവണയും മേറ്റ്ങ്ങുമില്ലാത്ത കോളറ ബാധ കുട്ടനാട്ടും ആലപ്പുഴയിലും ഉണ്ടായി.

എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ പഴയ ആലപ്പുഴ പോലെ തികച്ചും ആതുരമായിരിക്കുന്നു കേരളം മുഴുവന്‍. ആരോഗ്യ രക്ഷാസംവിധാനങ്ങളിലും രോഗ പ്രതിരോധ നടപടികളിലും അടുത്ത കാലത്തുണ്ടായ വീഴ്ചയാണ്‌ ഇതിന്‌ മുഖ്യകാരണമെന്ന്‌ പറയാതിരിക്കാന്‍ വയ്യ. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിന്‌ പോലും ഇപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്നില്ല. ഗ്രാമങ്ങളിലോ നഗരങ്ങളിലോ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ സര്‍വ്വേകള്‍ പതിവില്ല. ധര്‍മ്മാശുപത്രികള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ ഉപജീവനത്തിനുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികില്‍സകന്‍മാരെ നിയമിക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നഴ്സ്മാരുടെയും പാരാമെഡിക്കല്‍ വിഭാഗത്തിന്റെയും ധാരാളം ഒഴിവുകളുണ്ട്‌.

ഇവയിലൊക്കെ നിയമനം നടത്താന്‍ വേണ്ടി ഡോക്ടര്‍മാര്‍ സംസ്ഥാനമൊട്ടുക്ക്‌ സമരത്തിനൊരുങ്ങുന്നതായി സംഘടനാ തലത്തില്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ്‌ മന്ത്രി അതേക്കുറിച്ച്‌ സമരസന്നദ്ധരായ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായോ മറ്റാരെങ്കിലുമായോ ചര്‍ച്ച നടത്തിയതായി വിവരമൊന്നുമില്ല. ആരോഗ്യവകുപ്പില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താത്തതിന്‌ പിന്നില്‍ പല ദുരുദ്ദേശ്യങ്ങളും ഇടതുസര്‍ക്കാരിനുള്ളതായി പറയപ്പെടുന്നു. അതെന്തായാലും സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥിതിയാണ്‌ ഇതുമൂലം ഗുരുതരമായ പ്രതിസന്ധിയിലായത്‌. കാലവര്‍ഷം തുടങ്ങാന്‍ പിടിപ്പുകെട്ട നമ്മുടെ ഭരണാധികാരികളെ കാത്തിരുന്നില്ല. മഴ യഥാവിധി വന്നു. എന്നാല്‍ പ്രകൃതി വലിയ രൗദ്രഭാവങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ സംസ്ഥാനമൊട്ടുക്ക്‌ പകര്‍ച്ചവ്യാധി മാരകമാംവിധം പടരുന്നതിന്‌ ഇവിടുത്തെ ആരോഗ്യ രക്ഷാ സംവിധാനത്തിന്റെ തകരാറിനെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. കൊതുകുകടി കൊണ്ട്‌ ചാകാന്‍ വിധിക്കപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു കേരളത്തിലെ സാധാരണക്കാര്‍. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ കാരണം ഏതെങ്കിലും നേതാവിന്റെ പിടലിക്ക്‌ വെക്കാനുള്ള തിരക്കാണ്‌. അതിനിടയില്‍ പാവങ്ങള്‍ പകര്‍ച്ചവ്യാധി പിടിച്ച്‌ മരിച്ചാല്‍ ...???

Monday, 1 June 2009

"കുറ്റസമ്മതവും കുമ്പസാരവും" ഇടതുമുന്നണിക്ക്‌ തിരിച്ചടി : പിണറായി വിജയന്‍



സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കുറ്റസമ്മതവും കുമ്പസാരവും പുറത്തുവന്നു. ജനങ്ങള്‍ തിരിച്ചടിക്കുമെന്ന്‌ തിരിച്ചറിയാതെ പോയതാണ്‌ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ തിരിച്ചടിയായതെന്ന്‌ പിണറായി വിജയന്‍ പറയുന്നു. കൂടാതെ ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടതും തോല്‍വിക്ക്‌ കാരണമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി വിലയിരുത്തി. തെരഞ്ഞെടുപ്പ്‌ ഫലം അവലോകനം ചെയ്യാന്‍ നാലു ദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്‌ തോല്‍വിയില്‍നിന്ന്‌ പാര്‍ട്ടി പാഠം പഠിക്കുമെന്നും തെറ്റുതിരുത്തുമെന്നും വിജയന്‍ പറയുന്നുണ്ട്‌. എന്നാല്‍ എന്താണ്‌ ലംഘിക്കപ്പെട്ട ലെനിനിസ്റ്റ്‌ തത്ത്വം എന്ന്‌ പിണറായി വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. അത്തരം വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ്‌ സി.പി.എം നേതാവിന്റേത്‌. പശ്ചാത്താപം നല്ല സ്വഭാവമാണ്‌. എന്നാല്‍ പശ്ചാത്തപിക്കുമ്പോഴും സഹജമായ ധാര്‍ഷ്ട്യം വിടാന്‍ സി.പി.എം നേതാവിന്‌ കഴിയുന്നില്ല. പൊതുചര്‍ച്ചയ്ക്ക്‌ വയ്ക്കാന്‍ വിജയന്‍ വിസമ്മതിച്ചതും നേതാക്കള്‍ ലംഘിച്ചുവെന്ന്‌ പറയുന്നതുമായ ആ ലെനിനിസ്റ്റ്‌ തത്ത്വം എന്തായിരിക്കും?

കാറല്‍മാര്‍ക്സ്‌ കിനാവുകണ്ട കമ്യൂണിസം യാഥാര്‍ത്ഥ്യമാക്കാമെന്ന വ്യാമോഹത്തോടെ റഷ്യയില്‍ മടങ്ങിയെത്തിയ വ്ലാഡിമര്‍ ലെനിന്‍ കമ്യൂണിസ്റ്റ്‌ സംഘടനാസങ്കല്‍പം അവതരിപ്പിച്ചത്‌ ജനാധിപത്യസംവിധാനത്തിന്‌ ഒരിക്കലും ഇണങ്ങാത്തവിധമായിരുന്നു. വിപ്ലവപ്പാര്‍ട്ടിയെന്നാല്‍ ലെനിന്‌ പട്ടാളമായിരുന്നു. നേതൃത്വത്തിന്‌ ഒരിക്കലും തെറ്റുപറ്റില്ലെന്നാണ്‌ പട്ടാളച്ചിട്ടയോടെ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌ വിപ്ലവപ്പാര്‍ട്ടിയുടെ സുനിശ്ചിതമായ നിലപാട്‌. നേതൃത്വം തീരുമാനിക്കുന്നത്‌ ചോദ്യം ചെയ്യാതെ എല്ലാവരും അംഗീകരിക്കണം. വിപ്ലവം മഹത്തായ ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലെനിന്റെ ഈ സംഘടനാതത്ത്വം ശരിയായിരിക്കാം. എന്നാല്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഇത്‌ അംഗീകരിക്കപ്പെടില്ല. ഇന്ത്യയില്‍ കാലാകാലങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എമ്മോ അതുപോലെയുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയോ ലെനിന്റെ സങ്കല്‍പത്തിലുള്ള ഒരു വിപ്ലവപ്പാര്‍ട്ടിയാണെന്ന്‌ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കുന്നില്ല.

ആ നിലയ്ക്ക്‌ സി.പി.എം നേതൃത്വം ലംഘിച്ചു എന്ന്‌ വിജയന്‍ വിവക്ഷിക്കുന്ന ലെനിന്റെ സംഘടനാതത്ത്വം കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നല്ല ഇന്ത്യയില്‍ നടക്കുന്ന ഏതെങ്കിലും നിര്‍ണ്ണായക രാഷ്ട്രീയസന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നതെങ്ങനെ? ഇവിടെ വിജയന്റെ വാക്കുകളില്‍നിന്ന്‌ ഒരുകാര്യം അനുമാനിക്കാം. അതായത്‌ എസ്‌.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ സി.പി.എം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും കുറ്റവിമുക്തനാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാടിന്‌ ഒപ്പം നില്‍ക്കാത്ത മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ പിണറായിയുടെ ഉന്നം. ലാവലിന്‍ കേസ്‌ നിയമപരമായി നേരിടണമെന്ന്‌ പരസ്യമായി പറഞ്ഞ അച്യുതാനന്ദന്‍ വിജയന്റെ ഭാഷയില്‍ ലെനിന്റെ സംഘടനാതത്ത്വമാണ്‌ ലംഘിച്ചത്‌.

374.5 കോടിരൂപ പൊതുഖജനാവിന്‌ നഷ്ടംവരുത്തിയ ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്ള പങ്കാളിത്തത്തിന്റെ തെളിവുകള്‍ സി.പി.എം പോളിറ്റ്ബ്യൂറോയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേരിട്ട്‌ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല, അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കരാറിനെപ്പറ്റി നേരത്തെതന്നെ വിശദമായി പഠിക്കുകയും അതില്‍ അടങ്ങിയിട്ടുള്ള ഭീകരമായ അഴിമതിയെക്കുറിച്ച്‌ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ബാലാനന്ദന്‍ നല്‍കിയ രേഖകളുടെയും തെളിവുകളുടെയും കൂടി പിന്‍ബലത്തിലാണ്‌ ലാവലിന്‍ കേസ്‌ അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍നിന്ന്‌ സി.ബി.ഐക്ക്‌ ഉത്തരവ്‌ ലഭിച്ചത്‌. കേസില്‍ ഒന്‍പതാം പ്രതിയായി ചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മറ്റ്‌ പ്രതികളുമായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

കേസില്‍ കുറ്റപത്രം തയ്യാറാക്കി വിജയനടക്കമുള്ള പ്രതികളെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുകയാണ്‌ സി.ബി.ഐ. ആ സന്ദര്‍ഭത്തിലാണ്‌ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുണ്ടായത്‌. സ്വാഭാവികമായി ഈ അഴിമതിക്കേസ്‌ സംസ്ഥാനത്ത്‌ ഒരു തെരഞ്ഞെടുപ്പ്‌ വിഷയമാകുമെന്ന്‌ എല്ലാവര്‍ക്കും അറിയാം. ജനാധിപത്യപരമായ വിനയവും മാന്യതയും പുലര്‍ത്തുന്ന പാര്‍ട്ടിയായിരുന്നു സി.പി.എം എങ്കില്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറ്റിനിര്‍ത്തി കേസ്‌ നിയമപരമായി നേരിടുമായിരുന്നു. സാമാന്യമര്യാദയ്ക്കും ധാര്‍മ്മികതയ്ക്കും രാജ്യത്ത്‌ നിലവിലുള്ള ഭരണഘടനയ്ക്കും ഹിതകരമായ വിധത്തില്‍ പ്രവര്‍ത്തിക്കാതെ അഴിമതിവീരനെ സംരക്ഷിക്കാന്‍ മുതിര്‍ന്ന സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മയ്ക്ക്‌ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കടുത്ത ശിക്ഷ നല്‍കി. അതാണ്‌ സത്യം എന്നിരിക്കെ ലെനിന്റെ മഹാതത്വം പൊടിതട്ടി പൊക്കിയെടുത്തുകൊണ്ടുവന്ന്‌ സി.പി.എമ്മിലെ ഗ്രൂപ്പ്‌ യുദ്ധത്തില്‍ മല്ലടിച്ചുനില്‍ക്കാം എന്ന്‌ വിജയന്‍ ഇപ്പോഴും വ്യാമോഹിക്കുന്നു.

ഈ നിലപാടിന്‌ സി.പി.എം നേതൃത്വത്തിലുള്ള ഭിക്ഷാംദേഹികളും ഭാഗ്യാന്വേഷികളും അവസരവാദികളുമായ ഭൂരിപക്ഷത്തിന്റെ പിന്തുണ വിജയന്‍ എങ്ങനെയോ ഉറപ്പാക്കിയിട്ടുണ്ട്‌. എന്നാല്‍ സാധാരണക്കാരായ ബഹുസഹസ്രം അണികളും സാമാന്യജനങ്ങളും കുന്നായ്മയെ പട്ടുടുപ്പിക്കാനുള്ള വിജയന്റെ ശ്രമത്തെ അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. മഹാനായ ലെനിന്‍ അവതരിപ്പിച്ച വിപ്ലവപ്പാര്‍ട്ടി സങ്കല്‍പം അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന അഹങ്കാരികളുടെയും സാമൂഹികവിരുദ്ധഗുണ്ടകളുടെയും ബലത്തില്‍ പൊതുജീവിതത്തിന്‌ ശാപമായിത്തീര്‍ന്ന പിണറായിയുടെ പാര്‍ട്ടിക്ക്‌ ഒരുതരത്തിലും യോജിക്കില്ല. കാരണം അഴിമതി നടത്തിയവരെ സംരക്ഷിക്കണമെന്ന്‌ വ്ലാഡിമര്‍ ലെനിന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.