Monday 29 June 2009

'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടികളെല്ലാം തൂവല്‍ മിനുക്കുകയാണ്‌. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളാല്‍ തലകുത്തി മറിയുന്ന സി.പി.എമ്മും അതേകാരണങ്ങളാല്‍ കാലവിഭ്രമം പൂണ്ട ബി.ജെ.പിയും ഇക്കാര്യത്തില്‍ ഏറെക്കുറെ സമാനമാണ്‌. അന്തഃസംഘര്‍ഷവും ആശയക്കുഴപ്പവും നിലനില്‍ക്കുമ്പോഴും ഹിന്ദുത്വ അജന്‍ഡ ഉപേക്ഷിച്ചിട്ടില്ലെന്നാണ്‌ ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിനുശേഷം ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്‌. അദ്വാനിയും മോഡിയും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും എടുത്തുവീശിയ ഹിന്ദുത്വത്തിന്റെ ആയുധങ്ങള്‍ക്കൊന്നും മൂര്‍ച്ച പോരായിരുന്നുവെന്ന്‌ അവരുടെ ആത്മീയ ആചാര്യന്മാര്‍ ആര്‍.എസ്‌.എസില്‍ നിന്ന്‌ പരാതിപ്പെട്ടിട്ടുണ്ട്‌. പരിഭവത്തോടെ അവര്‍ പറഞ്ഞു; "ബി.ജെ.പി ഹിന്ദുത്വം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌". തോല്‍വിയുടെ കാരണം പഠിച്ച നേതാക്കള്‍ക്ക്‌ ആ പരിഭവത്തിന്റെ ആന്തരാര്‍ത്ഥം മനസ്സിലായി.

അതുകൊണ്ടാണ്‌ അദ്വാനിയും രാജ്നാഥ്‌ സിങ്ങും ഹിന്ദുത്വത്തെക്കുറിച്ച്‌ ആവര്‍ത്തിച്ചിരിക്കുന്നത്‌. ഒരാള്‍ (അദ്വാനി) മൃദുഹിന്ദുത്വവും അപരന്‍ കഠിനഹിന്ദുത്വവും മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയുടെ സെക്യുലര്‍ അടിത്തറയ്ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ ഇവര്‍ കൂടെക്കൂടെ എടുത്തടിക്കുന്ന ഹിന്ദുത്വം യഥാര്‍ത്ഥത്തില്‍ അങ്ങനൊന്നുമല്ലെന്ന്‌ ജ്ഞാനികള്‍ക്കറിയാം. അറിവില്ലാത്തവന്റെ കയ്യില്‍ അപകടകരമായ ഒരായുധമായിത്തീരേണ്ടെന്ന്‌ കരുതിയാവാം ബി.ജെ.പി തുമ്പിയെപ്പോലെ കല്ലെടുക്കേണ്ടെന്ന്‌ ആര്‍.എസ്‌.എസ്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പ്‌ പരാജയകാരണം ബി.ജെ.പി കരുതുന്നതുപോലെ ഹിന്ദുത്വം എന്ന ആയുധത്തിന്റെ പ്രയോഗവൈകല്യം കൊണ്ട്‌ ഉണ്ടായതല്ല. ആധുനിക വീക്ഷണമുള്ള യുവാക്കള്‍ അടങ്ങിയ ഇന്ത്യന്‍ ജനസമൂഹത്തിന്റെ അഭിലാഷങ്ങള്‍ തിരിച്ചറിയാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനും മറ്റും കഴിയാതെപോയതാണ്‌ അവരുടെ പതനങ്ങള്‍ക്ക്‌ കാരണം. ഇന്ത്യ ഇവരൊക്കെ കരുതുംപോലെ ഒരു മതരാഷ്ട്രമല്ല.

ഇവര്‍ എത്ര ശ്രമിച്ചാലും ചരിത്രപരമായി തന്നെ സെക്യുലര്‍ ആയ ഇന്ത്യയെ ഏതെങ്കിലും (ഭൂരിപക്ഷമോ ന്യൂനപക്ഷമോ) മതത്തിന്റെ ഇടുങ്ങിയ കോട്ടയ്ക്കുള്ളില്‍ തളച്ചിടാന്‍ കഴിയില്ല. ശങ്കരാചാര്യര്‍ക്കുശേഷം ഹിന്ദുത്വത്തെ ലോകവേദികളിലെത്തിച്ചത്‌ മഹാനായ ദാര്‍ശനികന്‍ വിവേകാനന്ദ സ്വാമിയാണ്‌. കന്യാകുമാരിയില്‍ കടല്‍നീന്തിച്ചെന്ന്‌ ഒരു പാറമേല്‍ ധ്യാനനിരതനായി ഭാരതദര്‍ശനം നടത്തിയ ആ ഋഷിവര്യന്‍ ഹിമഗിരി ശിഖരങ്ങളില്‍നിന്ന്‌ ഒഴുകി സമുദ്രത്തില്‍ പതിക്കുന്ന ഗംഗ ഈ മഹാരാജ്യത്തിന്‌ നല്‍കിയ സംസ്കാരത്തിന്റെ ഏകീഭാവത്തെക്കുറിച്ച്‌ ഗാഢമായി ആലോചിച്ചിട്ടുണ്ട്‌. അദ്ദേഹം ധ്യാനിച്ച സ്ഥലത്ത്‌ കൃഷ്ണശിലയില്‍ പിന്നീട്‌ രൂപമെടുത്ത വിവേകാനന്ദ ക്ഷേത്രവും പ്രതിഷ്ഠയും രാഷ്ട്രപതിയായിരുന്ന വരാഹഗിരി വെങ്കട്ടഗിരി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. അവിസ്മരണീയമായ ആ ചടങ്ങില്‍ അന്നത്തെയും ഇന്നത്തെയും തമിഴ്‌നാട്‌ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി നടത്തിയ അധ്യക്ഷപ്രസംഗം ഇങ്ങനെയായിരുന്നു: 'വംഗക്കടലും ഹിന്ദുക്കടലും അറബിക്കടലും ഇവിടെ ഒരേകടല്‍ താന്‍. കണ്ണീരിന്‍ കടല്‍. അന്തമാതിരി ഹിന്ദുമതവും ഇസ്ലാം മതവും ഈശായിമതവും ഒരേമതം താന്‍. കണ്ണീരിന്‍ മതം. ജീവിതമാന കടല്‍. കണ്ണീരിന്‍ കടല്‍'.

മൂന്ന്‌ മഹാസമുദ്രങ്ങള്‍ സംഗമിക്കുന്ന ആ പുണ്യസ്ഥാനത്തെ തിരമാലകള്‍പോലും കരുണാനിധിയുടെ ഈ വാക്കുകള്‍ കേട്ട്‌ കോരിത്തരിച്ചിരിക്കാം. അതിന്റെ അലയടി ഇന്ത്യയുടെ മഹാസംസ്കാരത്തില്‍നിന്ന്‌ ഉത്ഭവിച്ച്‌ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇടറാതെ അഭംഗുരം പ്രതിധ്വനിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ മത ആചാരങ്ങളെയും വിശ്വാസങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ഉപയോഗിക്കുന്നവര്‍ ഇന്ത്യയുടെ സെക്യുലര്‍ സംസ്കാരത്തിന്റെ അടിത്തറയിലാണ്‌ ടൈംബോംബ്‌ സ്ഥാപിക്കുന്നത്‌. പ്രബുദ്ധ സമൂഹം കഴിഞ്ഞമാസം അത്‌ തിരിച്ചറിയുകയും തരികിട പാര്‍ട്ടികളായ ബി.ജെ.പിയെയും സി.പി.എമ്മിനെയും രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലാത്ത തരത്തില്‍ തിരസ്കരിക്കുകയും ചെയ്തു. ആ തിരസ്കാരത്തിന്റെ കാരണം തിരഞ്ഞ്‌ ദിക്ഭ്രമം പൂണ്ട്‌ ഓടുകയാണ്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍.

അനേകം മതങ്ങള്‍ ഉത്ഭവിക്കുകയും അപ്രതൃക്ഷമാവുകയും ചെയ്ത ഇന്ത്യന്‍ മണ്ണില്‍ ഹിന്ദു എന്നത്‌ ഒരു മതമല്ല. ഒരു ജനസമൂഹത്തിന്റെ ആചാരവും വിശ്വാസവും ചേര്‍ന്ന സംസ്കാരമാണ്‌. സിന്ധു നദിയുടെ താഴ്‌വരയില്‍ വസിച്ചിരുന്ന ജനസമൂഹത്തെ നോക്കി പേര്‍ഷ്യന്‍ സഞ്ചാരികള്‍ വിളിച്ച വാക്കിന്റെ പരിണതരൂപമാണ്‌ ഹിന്ദു. ബുദ്ധ-ജൈന മതങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും അനേകം വിദേശ മതവിശ്വാസങ്ങള്‍ക്ക്‌ ആതിഥ്യമരുളുകയും ചെയ്ത ഇന്ത്യയില്‍ സര്‍വ്വമതങ്ങളും ചേര്‍ന്ന ഒരു രാഗമാലികയായി ജീവിക്കുന്ന സമൂഹമാണ്‌ നിലനില്‍ക്കുന്നത്‌. വേദകാലം മുതല്‍ വിജ്ഞാനകുതുകികളായ അന്വേഷകര്‍ പ്രപഞ്ചരഹസ്യം തേടിയലഞ്ഞ മണ്ണാണിത്‌. നൂലെത്താക്കയം പോലെ നീലിമയാര്‍ന്ന ഈ പ്രപഞ്ചം കാലാന്തരങ്ങളുടെ സൃഷ്ടിയാണോ എന്നവര്‍ സന്ദേഹിച്ചു. യഥാര്‍ത്ഥത്തില്‍ സൃഷ്ടിതന്നെ നടന്നുവോ? സൃഷ്ടിവാദികള്‍ക്കൊപ്പം ഡാര്‍വിനുശേഷം പരിണാമവാദികള്‍ ഉണ്ടായി.

വിജ്ഞാനികളും അജ്ഞാനികളുമായ മനുഷ്യരുടെ ആശയയുദ്ധം അവിരാമം തുടരുകയാണ്‌.
സെക്യുലറിസം മതനിരാസമല്ല. എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വമാണ്‌. ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യാനിയെന്നും പാഴ്സിയെന്നും മനുഷ്യരെ വേര്‍തിരിച്ചുകാണാതെ ആധുനിക ജനാധിപത്യ സംസ്കാരത്തിന്‌ ചേര്‍ന്നവിധം സമത്വഭാവേന വീക്ഷിക്കുന്നതാണ്‌ ഇന്ത്യന്‍ സെക്യുലറിസം. മഹാകവി ലാല്‍കൃഷ്ണ അദ്വാനിക്കും ശിഷ്യഗണങ്ങള്‍ക്കും ഇതുവല്ലതും മനസ്സിലാകുമോ? ഹിന്ദുത്വം കൈവിടില്ലപോലും. ചരിത്രസ്മാരകങ്ങളെ ഇടിച്ചുനിരത്താന്‍ കര്‍സേവകരെ അണിനിരത്തുകയും ഇന്ത്യന്‍ സെക്യുലറിസത്തിന്റെ ആത്മാവിലൂടെ രഥയാത്ര നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ ചിന്താശീലരായ ജനങ്ങള്‍ നല്‍കിയ മനോഹരമായ മറുപടിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഫലം.