ലാവലിന്‍ അഴിമതിക്കേസ് സംസ്ഥാനത്തുണ്ടാക്കിയ ഭരണസ്തംഭനം പൊതുജീവിതത്തെപ്പോലും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. കേസും കോടതിയും രാഷ്ട്രീയ വിവാദങ്ങളും മുറപോലെ നടക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളില്‍ ഭരണകൂടം നിര്‍വ്വഹിക്കേണ്ട പ്രധാന കാര്യങ്ങള്‍പോലും ശ്രദ്ധിക്കാന്‍ ആളില്ലാതായിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പ്രതികളാക്കി സി.ബി.ഐ ഇന്നലെ ലാവലിന്‍ അഴിമതിക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണമാണിത്. ഒരു കമ്യൂണിസ്റ്റ് നേതാവ് ഇത്തരമൊരു കേസില്‍ പ്രതിയാകുന്നതും ആദ്യത്തെ സംഭവമാണ്. കേസിന്റെ സ്വഭാവവും രാഷ്ട്രീയ പ്രാധാന്യവും ചെറിയ കാര്യമല്ല. വരുംദിവസങ്ങളില്‍ കോടതിയും നിയമജ്ഞരും ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരും കേസ് കൈകാര്യം ചെയ്യട്ടെ.
അതിന്റെ പേരില്‍ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകുന്നതും ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്നതരത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നതും അഭിലഷണീയമല്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പലപല ഊരാക്കുടുക്കുകളില്‍പ്പെട്ട് നട്ടംതിരിയുകയാണ്. പഞ്ഞമാസക്കാലമാണിത്. തുടര്‍ച്ചയായ മഴയും പ്രകൃതിക്ഷോഭവും മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നകാലം. രോഗവും ക്ഷാമവും ഈ സമയത്ത് സാധാരണയാണ്. ഭക്ഷ്യദൗര്‍ലഭ്യമുണ്ട്. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയിലാണ്. തീരപ്രദേശം മുതല്‍ മലയോരങ്ങള്‍ വരെ സാധാരണമനുഷ്യര്‍ ജീവിതദുരിതങ്ങള്‍ നേരിടുന്ന സമയത്ത് സംസ്ഥാനത്തെ ഭരണാധികാരികള്‍ സി.പി.എമ്മിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ മൂര്‍ച്ച കൂട്ടുന്നതില്‍ മുഴുവന്‍ സമയം ബദ്ധശ്രദ്ധരായി കഴിയുന്നു.
വിദ്യാലയങ്ങള്‍ തുറന്നു. പ്രൈമറി സ്കൂള്‍ മുതല്‍ ഉന്നത കലാശാലകള്‍ വരെ എത്തിനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ട്. പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശന മാനദണ്ഡമോ ഫീസോ കൃത്യമായി നിശ്ചയിച്ചിട്ടില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ ഇക്കൊല്ലം എന്ത് മാനദണ്ഡത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും എന്ന് നിശ്ചയമില്ല. പതിനഞ്ചാംതീയതി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തുവരികയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവേശന കൗണ്‍സലിങ്ങ് തുടങ്ങണം. മെറിറ്റ് ക്വാട്ടയിലും മാനേജ്മെന്റ് ക്വാട്ടയിലും പ്രവേശനാനുമതി ലഭിക്കുന്ന കുട്ടികള്‍ ആരായിരിക്കും, അവര്‍ നല്‍കേണ്ടിവരുന്ന ഫീസ് എന്തായിരിക്കും എന്നൊന്നും സര്‍ക്കാര്‍ ഈ പതിനൊന്നാം മണിക്കൂറിലും നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ആയിരം ദിവസങ്ങളായി ഉന്നതവിദ്യാഭ്യാസ രംഗത്ത് തുടരുന്ന അനിശ്ചിതത്വത്തിന്റെ മുകളില്‍ അടയിരിക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയിലെ അന്തച്ഛിദ്രത്തില്‍ ഭാഗഭാക്കാകാനുള്ള നെടുനീളന്‍ വാചകങ്ങളും ഉത്സാഹങ്ങളും മാത്രമേ ജനങ്ങള്‍ കാണുന്നുള്ളൂ.
വിദ്യാഭ്യാസവിഷയം ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ വിചാരഗതികളില്‍ ഇല്ലതന്നെ. എന്തിന് വിദ്യാഭ്യാസമന്ത്രിയെ മാത്രം കുറ്റപ്പെടുത്തണം? പകര്‍ച്ചവ്യാധികള്‍ കൊണ്ട് വലയുന്ന പാവങ്ങള്‍ക്ക് ധര്‍മ്മാശുപത്രികളെ ശരണം പ്രാപിക്കാനുള്ള ധൈര്യമില്ല. കാരണം അവിടെ ചികിത്സിക്കാന്‍ വിദഗ്ധരോ ഔഷധമോ ചികിത്സാ ഉപകരണങ്ങളോ ഉണ്ടായിട്ടുവേണ്ടേ? പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ വിട്ട് ആരോഗ്യമന്ത്രി ശ്രീമതി പോലും പാര്‍ട്ടിയുടെ ബുദ്ധിജീവി ചമഞ്ഞ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതികരണവിദഗ്ധയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ഞമാസക്കാലത്ത് പട്ടിണി കിടക്കേണ്ടിവരുന്നവര്‍ക്ക് സൗജന്യനിരക്കില്‍ റേഷന്‍ നല്‍കാന്‍ സര്‍ക്കാരിന് ആലോചനപോലുമില്ല. അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റത്തിന് അടിസ്ഥാനകാരണം എന്തെന്നുപോലും വില്‍ക്കുന്നവരോ വാങ്ങുന്നവരോ അറിയുന്നില്ല.
പൊതുവിതരണരംഗത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്ലാത്തതുകൊണ്ട് വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ആളില്ല. സംസ്ഥാനത്തെ പൊതുനിരത്തുകള്‍ മുഴുവന്‍ തുടര്‍ച്ചയായ മഴ മൂലം തകര്‍ന്ന് നാമാവശേഷമായിരിക്കുന്നു. തന്മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും അധികൃതര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.
ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന നിരവധി ദൈനംദിന പ്രശ്നങ്ങളുണ്ട്. മഴക്കാലവും വൈദ്യുതി നിയന്ത്രണത്തിന്റെ പേരിലുള്ള ലോഡ്ഷെഡിങ്ങും മോഷ്ടാക്കള്‍ക്ക് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. അത് പതിവാണെന്ന ഭാവത്തില്‍ പൊലീസ് അനങ്ങുന്നില്ലെന്ന കാര്യം ആഭ്യന്തരമന്ത്രി അറിഞ്ഞിട്ടുണ്ടാകില്ല. എങ്ങനെ അറിയാനാണ്? ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ ആവേശപൂര്‍വ്വം ഇറങ്ങിയിരിക്കുകയല്ലേ കോടിയേരി.
ലാവലിന്‍ അഴിമതിക്കേസ് ഏതായാലും കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനിയെങ്കിലും സി.പി.എം നേതാക്കള്‍ ഈ കേസിനെ നിയമത്തിന്റെ വഴിക്കുവിടണം. സംസ്ഥാനത്തെ ജനങ്ങളെ ഓര്‍ത്തുപറയുകയാണ്. ഈ കേസിന്റെ പേരില്‍ ജനങ്ങള്‍ ഒരുപാട് സഹിക്കുന്നുണ്ട്. അപരാധികളല്ലാത്ത ജനങ്ങളെ സി.പി.എം ആവശ്യമില്ലാതെ ശിക്ഷിക്കുകയാണ്. മൂന്നുകൊല്ലം മുമ്പ് വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണിയെ ഭരണത്തിലേറ്റിപ്പോയി എന്ന ഏക കുറ്റം മാത്രമേ സംസ്ഥാനത്തെ ജനങ്ങള്‍ ചെയ്തിട്ടുള്ളൂ. അവര്‍ പ്രതീക്ഷിച്ച ഗുണമൊന്നും ഇടതുഭരണാധികാരികളില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കെടുതികള്‍ക്കാണെങ്കില്‍ ഒരു അന്തവുമില്ലതാനും. സി.പി.എമ്മും ഇടതുമുന്നണിയും ഭരണത്തിന്റെ മുഷ്ക്കും അധികാരത്തിന്റെ ഗര്‍വ്വുംകൊണ്ട് കേരളത്തിന്റെ പാവപ്പെട്ട ജീവിതത്തെ നിത്യവും പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. എന്ത് കുറ്റം ചെയ്താലും പശ്ചാത്താപമില്ലാത്ത കഠിനമനസ്കരായ നേതാക്കള്‍ കേരളത്തിലെ ജനങ്ങളുടെ വികാര വിക്ഷോഭങ്ങള്‍ കാണുന്നില്ല.
ജനങ്ങളുടെ മനോഭാവം തിരിച്ചറിയാനുള്ള എളിമയോ കഴിവോ ഇല്ലാത്തവിധം മൂഢന്‍മാരായ ഒരുകൂട്ടം ആളുകളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു . ജനങ്ങള്‍ക്ക് ഹിതകരമാംവിധം ഭരണം നടത്താന്‍ അറിയില്ലെങ്കില്‍ രാജിവെച്ചിട്ട് പാര്‍ട്ടിയിലെ പരസ്യമായ വിഴുപ്പലക്ക് പുറത്ത് തുടര്‍ന്നുകൊള്ളുക. സാമാന്യജനങ്ങള്‍ക്ക് സി.പി.എമ്മിലെ ചേരിപ്പോരില്‍ ഇപ്പോള്‍ യാതൊരു കൗതുകവുമില്ല