മഴ മാനത്ത് കണ്ടാല്‍ ദുരിതമയമാകുകയാണ് കേരളം. കാലവര്‍ഷം തുടങ്ങിയതേയുള്ളൂ. രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. തികച്ചും ആതുരമായ ഈ അവസ്ഥാ വിശേഷത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് തോന്നുന്നു. ആരോഗ്യവകുപ്പ് മന്ത്രി എവിടാണെന്ന് പോലും ജനങ്ങള്‍ക്കറിയില്ല. രണ്ടുദിവസം ഉത്തരകേരളത്തിലും മധ്യകേരളത്തിലും ഭേദപ്പെട്ട നിലയില്‍ മഴപെയ്തു. തെക്കന്‍ കേരളത്തിലും മോശമല്ലാത്ത തരത്തില്‍ മഴ ലഭിച്ചു. എന്നാല്‍ പെയ്ത മഴയെക്കാള്‍ ദുരിതം രണ്ടുദിവസം കൊണ്ട് കേരളമാകെ വ്യാപിച്ചിരുന്നു. രോഗം മഴയെക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ ജനങ്ങളെ പിടികൂടുന്നത്. സംസ്ഥാനമൊട്ടാകെ ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടരുകയാണ്. പകര്‍ച്ചപ്പനി ബാധിച്ച് ആയിരത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ജപ്പാന്‍ ജ്വരം പിടിപ്പെട്ട 54 പേരുടെ നില അതീവഗുരുതരമാണെന്നും അറിയുന്നു.
നിരവധി പേരില്‍ മാരകമായ ചിക്കുന്‍ഗുനിയ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴയിലും കുട്ടനാട്ടും കോളറയും പടരുകയാണ്. മഴ തുടങ്ങിയപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന് പറയാന്‍ വയ്യ. തിരുവനന്തപുരത്ത് 20 പേര്‍ക്കും കോട്ടയത്ത് 18 പേര്‍ക്കും ഡങ്കിപ്പനി ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് തന്നെ വെളിപ്പെടുത്തുന്നത്. തൃശൂര്‍, വയനാട്, ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളില്‍ വിവിധ ആശുപത്രികളിലായി ധാരാളം പേര്‍ ഡങ്കിപ്പനിക്ക് ചികില്‍സ തേടിയിരുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും പനിബാധിച്ചെത്തുന്ന പലരിലും ചിക്കുന്‍ഗുനിയ ബാധയുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്. ഈ രോഗം ആലപ്പുഴയിലും കോട്ടയത്തും ധാരാളം പേരെ ബാധിച്ചിരിക്കുന്നു. കൊതുകുകള്‍ പരത്തുന്ന പനിയുടെ പ്രതിരോധത്തിനോ നിയന്ത്രണത്തിനോ ആരോഗ്യവകുപ്പ് യാതൊരു മുന്‍കരുതലും എടുത്തിരുന്നില്ല.
കാലവര്‍ഷം ഭൂമികുലുക്കം പോലെ പൊടുന്നനെ ഉണ്ടായതല്ല. മേയ് മാസം പകുതി കഴിഞ്ഞാല്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നത് പതിവുള്ളതാണ്. ഇക്കൊല്ലം അത് മേയ് മൂന്നാംവാരം തുടങ്ങുമെന്ന് ശാസ്ത്രീയമായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിലേറെ സമയമുണ്ടായിരുന്നിട്ടും നമ്മുടെ ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. അതുകൊണ്ടാണ് മഴ തുടങ്ങിയപ്പോള്‍ തന്നെ കേരളമാകെ ഗുരുതരമായ പകര്‍ച്ചവ്യാധിയുടെയും കാലാവസ്ഥാജന്യ രോഗങ്ങളുടെയും പിടിയില്‍ അമര്‍ന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് സാധാരണ നിലയില്‍ പെട്ടെന്ന് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന പ്രദേശം ആലപ്പുഴയായിരുന്നു. വെള്ളക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ ജീവിത പരിസരം തികച്ചും ആതുരമാണെന്നുള്ള കാരണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തവണയും മേറ്റ്ങ്ങുമില്ലാത്ത കോളറ ബാധ കുട്ടനാട്ടും ആലപ്പുഴയിലും ഉണ്ടായി.
എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ പഴയ ആലപ്പുഴ പോലെ തികച്ചും ആതുരമായിരിക്കുന്നു കേരളം മുഴുവന്‍. ആരോഗ്യ രക്ഷാസംവിധാനങ്ങളിലും രോഗ പ്രതിരോധ നടപടികളിലും അടുത്ത കാലത്തുണ്ടായ വീഴ്ചയാണ് ഇതിന് മുഖ്യകാരണമെന്ന് പറയാതിരിക്കാന്‍ വയ്യ. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിന് പോലും ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നില്ല. ഗ്രാമങ്ങളിലോ നഗരങ്ങളിലോ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ സര്‍വ്വേകള്‍ പതിവില്ല. ധര്‍മ്മാശുപത്രികള്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉപജീവനത്തിനുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികില്‍സകന്‍മാരെ നിയമിക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഴ്സ്മാരുടെയും പാരാമെഡിക്കല്‍ വിഭാഗത്തിന്റെയും ധാരാളം ഒഴിവുകളുണ്ട്.
ഇവയിലൊക്കെ നിയമനം നടത്താന്‍ വേണ്ടി ഡോക്ടര്‍മാര്‍ സംസ്ഥാനമൊട്ടുക്ക് സമരത്തിനൊരുങ്ങുന്നതായി സംഘടനാ തലത്തില്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി അതേക്കുറിച്ച് സമരസന്നദ്ധരായ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായോ മറ്റാരെങ്കിലുമായോ ചര്‍ച്ച നടത്തിയതായി വിവരമൊന്നുമില്ല. ആരോഗ്യവകുപ്പില്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താത്തതിന് പിന്നില്‍ പല ദുരുദ്ദേശ്യങ്ങളും ഇടതുസര്‍ക്കാരിനുള്ളതായി പറയപ്പെടുന്നു. അതെന്തായാലും സംസ്ഥാനത്തെ പൊതുജനാരോഗ്യ സ്ഥിതിയാണ് ഇതുമൂലം ഗുരുതരമായ പ്രതിസന്ധിയിലായത്. കാലവര്‍ഷം തുടങ്ങാന്‍ പിടിപ്പുകെട്ട നമ്മുടെ ഭരണാധികാരികളെ കാത്തിരുന്നില്ല. മഴ യഥാവിധി വന്നു. എന്നാല്‍ പ്രകൃതി വലിയ രൗദ്രഭാവങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ സംസ്ഥാനമൊട്ടുക്ക് പകര്‍ച്ചവ്യാധി മാരകമാംവിധം പടരുന്നതിന് ഇവിടുത്തെ ആരോഗ്യ രക്ഷാ സംവിധാനത്തിന്റെ തകരാറിനെയാണ് കുറ്റപ്പെടുത്തേണ്ടത്. കൊതുകുകടി കൊണ്ട് ചാകാന്‍ വിധിക്കപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു കേരളത്തിലെ സാധാരണക്കാര്‍. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഏതെങ്കിലും നേതാവിന്റെ പിടലിക്ക് വെക്കാനുള്ള തിരക്കാണ്. അതിനിടയില്‍ പാവങ്ങള്‍ പകര്‍ച്ചവ്യാധി പിടിച്ച് മരിച്ചാല്‍ ...???