Sunday 7 June 2009

സ്ത്രീ സംവരണം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌


സാമൂഹിക ജീവിതരംഗത്ത്‌ വമ്പിച്ച പരിവര്‍ത്തനത്തിന്‌ വഴിയൊരുക്കുന്ന പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുറത്തുവന്നു. സാധാരണക്കാരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും ജീവിതോന്നമനത്തിന്‌ ഉതകുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ചത്‌. വരുന്ന നൂറ്‌ ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളില്‍ വനിതാസംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഏറ്റവും വിപ്ലവാത്മകം. 
തുല്യനീതിയെക്കുറിച്ചുള്ള നീണ്ട വാചകങ്ങള്‍ കേട്ട്‌ ശീലിച്ച ജനങ്ങള്‍ക്ക്‌ കാര്യത്തോടടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പലരംഗത്തും തുല്യത അനുഭവപ്പെടുന്നില്ല.

അതില്‍ ഒന്നാമത്തേതാണ്‌ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട്‌. രാജ്യത്തെ ജനസംഖ്യയില്‍ നേര്‍പകുതി സ്ത്രീകളാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭകളില്‍ അവരുടെ പ്രാതിനിധ്യം നാമമാത്രവും. അതിന്‌ ഉത്തരവാദികള്‍ ഏതായാലും സ്ത്രീകളല്ല. രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കും സ്ത്രീകളെ പുരുഷനുതുല്യം ആകര്‍ഷിക്കത്തക്ക സാമൂഹിക പരിതസ്ഥിതി ഇല്ലെന്നുമാത്രമല്ല അതിന്‌ അനുഗുണമായ അവസരവും നിലവിലില്ലെന്നതാണ്‌ പ്രധാനം. ഇത്‌ ദൂരീകരിക്കാന്‍ വനിതാ സംവരണം നടപ്പാക്കണമെന്നത്‌ സാമൂഹികനീതിയെക്കുറിച്ച്‌ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. 1996ല്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായി.

യാഥാര്‍ത്ഥ്യത്തിലേക്ക്‌ കടന്നപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും പുറമേ ഭാവിക്കുന്നതിന്‌ വിപരീതമായി വനിതാ സംവരണപ്രശ്നത്തില്‍ നിന്ന്‌ തന്ത്രപൂര്‍വ്വം തലവലിക്കുകയാണ്‌ ചെയ്തത്‌. എല്ലാ പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ ഒന്നിച്ചുനിന്ന്‌ വനിതാ ബില്ലിനുവേണ്ടി മുറവിളി കൂട്ടേണ്ട സ്ഥിതിയുണ്ടായി. പാര്‍ലമെന്റിലും നിയമസഭകളിലും ബില്ലുകള്‍ പാസ്സാക്കാന്‍ അംഗങ്ങളുടെ ഭൂരിപക്ഷമാണ്‌ മാനദണ്ഡം. എന്നാല്‍ വനിതാസംവരണക്കാര്യത്തില്‍ ഭൂരിപക്ഷമല്ല, അഭിപ്രായ സമന്വയം വേണമെന്ന്‌ നേതാക്കള്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സമതാപാര്‍ട്ടി, ശിവസേന തുടങ്ങിയ കക്ഷികള്‍ വനിതാ സംവരണത്തെ അനുകൂലിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനവിധി ഈ കക്ഷികള്‍ക്കെല്ലാം എതിരായിരുന്നു എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്‌.

രാജ്യത്ത്‌ 55 കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന തോന്നലാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ പ്രഖ്യാപനത്തോടെ ഉളവാകുന്നത്‌. സംവരണബില്ലിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന്‌ ദേശീയമിഷന്‍ രൂപീകരിക്കുമെന്നതും മാതൃമരണനിരക്ക്‌ കുറയ്ക്കാന്‍ വനിതകള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതി ഏര്‍പ്പെടുത്തുമെന്നതുമടക്കം നിരവധി പദ്ധതികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമസഭകളിലും പഞ്ചായത്തുകളിലും മറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം എന്ന ആശയം രാജീവ്ഗാന്ധി സര്‍ക്കാരിന്റേതായിരുന്നു. 1993ല്‍ ഇതിനായി ഭരണഘടനയുടെ 73-ാ‍ം ഭേദഗതി പാര്‍ലമെന്റ്‌ പാസ്സാക്കി.

പത്തുലക്ഷത്തോളം സ്ത്രീകള്‍ ഇന്ന്‌ പ്രാദേശിക ഭരണകൂടങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്‌. നൂറുദിവസത്തിനകം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നിയമമാക്കാന്‍ പോകുന്ന വനിതാസംവരണം പഞ്ചായത്ത്‌ ഭരണസമിതികളില്‍ നേര്‍പകുതി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കിവെയ്ക്കുമെന്നാണ്‌ നയപ്രഖ്യാപനത്തിലുള്ളത്‌. ജനസംഖ്യാനുപാതികമായ സംവരണം ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇത്തരത്തില്‍ നടപ്പായാല്‍ വമ്പിച്ച സാമൂഹിക മാറ്റത്തിന്‌ വഴിയൊരുക്കുമെന്നകാര്യം തീര്‍ച്ചയാണ്‌. 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന്‌ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമപ്രദേശങ്ങളില്‍ 1.2 ലക്ഷം വീടുകളും നഗരങ്ങളില്‍ 1.5 ലക്ഷം വീടുകളും ഉടന്‍ നിര്‍മ്മിക്കും. പാവപ്പെട്ടവര്‍ക്ക്‌ എല്ലാമാസവും മൂന്ന്‌ രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയോ ഗോതമ്പോ ലഭ്യമാക്കും.

വരുന്ന നൂറുദിവസത്തിനുള്ളില്‍ നടപ്പാക്കുന്ന 25 ഇന കര്‍മ്മപരിപാടികള്‍ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി എടുത്തുപറഞ്ഞിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരപ്രദേശങ്ങളിലെ മുഴുവന്‍ ചേരികളും നിര്‍മ്മാര്‍ജ്ജനം ചെയ്യും. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക, സുരക്ഷാ പ്രശ്നങ്ങള്‍ കര്‍ശനമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക തുടങ്ങിയ കാര്യങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്‌ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും കോണ്‍ഗ്രസില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസത്തിനും ബലമേകുന്നതാണ്‌ വരുന്ന ഒരുവര്‍ഷത്തെ ഈ കര്‍മ്മപരിപാടികളിലുള്ള ഓരോ പദ്ധതിയുമെന്ന്‌ എടുത്തുപറയണം.

No comments:

Post a Comment