സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കുറ്റസമ്മതവും കുമ്പസാരവും പുറത്തുവന്നു. ജനങ്ങള്‍ തിരിച്ചടിക്കുമെന്ന് തിരിച്ചറിയാതെ പോയതാണ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായതെന്ന് പിണറായി വിജയന്‍ പറയുന്നു. കൂടാതെ ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടതും തോല്‍വിക്ക് കാരണമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ നാലു ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് തോല്‍വിയില്‍നിന്ന് പാര്‍ട്ടി പാഠം പഠിക്കുമെന്നും തെറ്റുതിരുത്തുമെന്നും വിജയന്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ലംഘിക്കപ്പെട്ട ലെനിനിസ്റ്റ് തത്ത്വം എന്ന് പിണറായി വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. അത്തരം വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം നേതാവിന്റേത്. പശ്ചാത്താപം നല്ല സ്വഭാവമാണ്. എന്നാല്‍ പശ്ചാത്തപിക്കുമ്പോഴും സഹജമായ ധാര്‍ഷ്ട്യം വിടാന്‍ സി.പി.എം നേതാവിന് കഴിയുന്നില്ല. പൊതുചര്‍ച്ചയ്ക്ക് വയ്ക്കാന്‍ വിജയന്‍ വിസമ്മതിച്ചതും നേതാക്കള്‍ ലംഘിച്ചുവെന്ന് പറയുന്നതുമായ ആ ലെനിനിസ്റ്റ് തത്ത്വം എന്തായിരിക്കും? കാറല്‍മാര്‍ക്സ് കിനാവുകണ്ട കമ്യൂണിസം യാഥാര്‍ത്ഥ്യമാക്കാമെന്ന വ്യാമോഹത്തോടെ റഷ്യയില്‍ മടങ്ങിയെത്തിയ വ്ലാഡിമര്‍ ലെനിന്‍ കമ്യൂണിസ്റ്റ് സംഘടനാസങ്കല്‍പം അവതരിപ്പിച്ചത് ജനാധിപത്യസംവിധാനത്തിന് ഒരിക്കലും ഇണങ്ങാത്തവിധമായിരുന്നു. വിപ്ലവപ്പാര്‍ട്ടിയെന്നാല്‍ ലെനിന് പട്ടാളമായിരുന്നു. നേതൃത്വത്തിന് ഒരിക്കലും തെറ്റുപറ്റില്ലെന്നാണ് പട്ടാളച്ചിട്ടയോടെ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് വിപ്ലവപ്പാര്‍ട്ടിയുടെ സുനിശ്ചിതമായ നിലപാട്. നേതൃത്വം തീരുമാനിക്കുന്നത് ചോദ്യം ചെയ്യാതെ എല്ലാവരും അംഗീകരിക്കണം. വിപ്ലവം മഹത്തായ ലക്ഷ്യമാക്കിയ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ലെനിന്റെ ഈ സംഘടനാതത്ത്വം ശരിയായിരിക്കാം. എന്നാല്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഇത് അംഗീകരിക്കപ്പെടില്ല. ഇന്ത്യയില്‍ കാലാകാലങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എമ്മോ അതുപോലെയുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ലെനിന്റെ സങ്കല്‍പത്തിലുള്ള ഒരു വിപ്ലവപ്പാര്‍ട്ടിയാണെന്ന് സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കുന്നില്ല. ആ നിലയ്ക്ക് സി.പി.എം നേതൃത്വം ലംഘിച്ചു എന്ന് വിജയന്‍ വിവക്ഷിക്കുന്ന ലെനിന്റെ സംഘടനാതത്ത്വം കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്നല്ല ഇന്ത്യയില്‍ നടക്കുന്ന ഏതെങ്കിലും നിര്‍ണ്ണായക രാഷ്ട്രീയസന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നതെങ്ങനെ? ഇവിടെ വിജയന്റെ വാക്കുകളില്‍നിന്ന് ഒരുകാര്യം അനുമാനിക്കാം. അതായത് എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ സി.പി.എം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും കുറ്റവിമുക്തനാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാടിന് ഒപ്പം നില്‍ക്കാത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് പിണറായിയുടെ ഉന്നം. ലാവലിന്‍ കേസ് നിയമപരമായി നേരിടണമെന്ന് പരസ്യമായി പറഞ്ഞ അച്യുതാനന്ദന്‍ വിജയന്റെ ഭാഷയില്‍ ലെനിന്റെ സംഘടനാതത്ത്വമാണ് ലംഘിച്ചത്. 374.5 കോടിരൂപ പൊതുഖജനാവിന് നഷ്ടംവരുത്തിയ ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്ള പങ്കാളിത്തത്തിന്റെ തെളിവുകള്‍ സി.പി.എം പോളിറ്റ്ബ്യൂറോയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അന്തരിച്ച ഇ. ബാലാനന്ദന്‍ ലാവലിന്‍ കരാറിനെപ്പറ്റി നേരത്തെതന്നെ വിശദമായി പഠിക്കുകയും അതില്‍ അടങ്ങിയിട്ടുള്ള ഭീകരമായ അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബാലാനന്ദന്‍ നല്‍കിയ രേഖകളുടെയും തെളിവുകളുടെയും കൂടി പിന്‍ബലത്തിലാണ് ലാവലിന്‍ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍നിന്ന് സി.ബി.ഐക്ക് ഉത്തരവ് ലഭിച്ചത്. കേസില്‍ ഒന്‍പതാം പ്രതിയായി ചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുമായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം തയ്യാറാക്കി വിജയനടക്കമുള്ള പ്രതികളെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുകയാണ് സി.ബി.ഐ. ആ സന്ദര്‍ഭത്തിലാണ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുണ്ടായത്. സ്വാഭാവികമായി ഈ അഴിമതിക്കേസ് സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ജനാധിപത്യപരമായ വിനയവും മാന്യതയും പുലര്‍ത്തുന്ന പാര്‍ട്ടിയായിരുന്നു സി.പി.എം എങ്കില്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി കേസ് നിയമപരമായി നേരിടുമായിരുന്നു. സാമാന്യമര്യാദയ്ക്കും ധാര്‍മ്മികതയ്ക്കും രാജ്യത്ത് നിലവിലുള്ള ഭരണഘടനയ്ക്കും ഹിതകരമായ വിധത്തില്‍ പ്രവര്‍ത്തിക്കാതെ അഴിമതിവീരനെ സംരക്ഷിക്കാന്‍ മുതിര്‍ന്ന സി.പി.എം നേതൃത്വത്തിന്റെ കൊള്ളരുതായ്മയ്ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കടുത്ത ശിക്ഷ നല്‍കി. അതാണ് സത്യം എന്നിരിക്കെ ലെനിന്റെ മഹാതത്വം പൊടിതട്ടി പൊക്കിയെടുത്തുകൊണ്ടുവന്ന് സി.പി.എമ്മിലെ ഗ്രൂപ്പ് യുദ്ധത്തില്‍ മല്ലടിച്ചുനില്‍ക്കാം എന്ന് വിജയന്‍ ഇപ്പോഴും വ്യാമോഹിക്കുന്നു. ഈ നിലപാടിന് സി.പി.എം നേതൃത്വത്തിലുള്ള ഭിക്ഷാംദേഹികളും ഭാഗ്യാന്വേഷികളും അവസരവാദികളുമായ ഭൂരിപക്ഷത്തിന്റെ പിന്തുണ വിജയന്‍ എങ്ങനെയോ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ ബഹുസഹസ്രം അണികളും സാമാന്യജനങ്ങളും കുന്നായ്മയെ പട്ടുടുപ്പിക്കാനുള്ള വിജയന്റെ ശ്രമത്തെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. മഹാനായ ലെനിന്‍ അവതരിപ്പിച്ച വിപ്ലവപ്പാര്‍ട്ടി സങ്കല്‍പം അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന അഹങ്കാരികളുടെയും സാമൂഹികവിരുദ്ധഗുണ്ടകളുടെയും ബലത്തില്‍ പൊതുജീവിതത്തിന് ശാപമായിത്തീര്‍ന്ന പിണറായിയുടെ പാര്‍ട്ടിക്ക് ഒരുതരത്തിലും യോജിക്കില്ല. കാരണം അഴിമതി നടത്തിയവരെ സംരക്ഷിക്കണമെന്ന് വ്ലാഡിമര്‍ ലെനിന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. |
Monday, 1 June 2009
"കുറ്റസമ്മതവും കുമ്പസാരവും" ഇടതുമുന്നണിക്ക് തിരിച്ചടി : പിണറായി വിജയന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment