സങ്കുചിത പ്രായോഗിക രാഷ്ട്രീയക്കാര്‍ക്ക് ഇന്നത്തെ കാലത്ത് തീരെ ദീര്‍ഘവീഷണം ഇല്ലെന്ന് പറയാറുണ്ട്. അവര്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുന്നു. അടുത്ത തലമുറയെ കുറിച്ച് ആലോചിക്കുന്നില്ല. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി ഒപ്പു വച്ച കരാറിനെ കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതൃനിരയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേട്ടപ്പോഴാണ് ഇങ്ങനെ ചിന്തിച്ചു പോയത്. സൈനികരംഗത്തും ബഹിരാകാശ ഗവേഷണ മേഖലയിലും സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന കരാറാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഒപ്പു വയ്ക്കുന്ന സഹകരണ കരാറിന് ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്കിണങ്ങിയ ചില വ്യവസ്ഥകള്‍ ഉണ്ടാകും. ആ വ്യവസ്ഥകളുടെ അരികും മൂലയും വായിച്ച് പരമാധികാരം അടിയറ വെക്കുകയാണെന്നും മറ്റും വ്യാഖ്യാനിക്കുന്നത് അതിരുകടന്ന നടപടിയാണ്.
ഇന്തോ-അമേരിക്കന്‍ പ്രതിരോധകരാര്‍ ഒരുതരത്തിലും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചയുടെ പരിണതഫലമാണ് ഇപ്പോള്‍ ഒപ്പു വയ്ക്കപ്പെട്ടിരിക്കുന്ന കരാര്‍. കരാറിലെത്തും മുമ്പ് ഇന്ത്യ എല്ലാത്തരം വിലപേശലും കൃത്യമായി നടത്തിയിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് മന്ത്രി എ. കെ. ആന്റണി അറിയിക്കുന്നു. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളുമായി ബി. ജെ. പി. ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടു പോകുന്നതിനാല്‍ ഈ മാസം 29ന് പാര്‍ലമെന്റില്‍ കരാറിനെ കുറിച്ച് വിശദമായ ചര്‍ച്ചനടക്കും.അമേരിക്ക വളര്‍ത്തിയെടുത്ത മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്ക് ഈയിടെ വന്‍ തിരിച്ചടിയുണ്ടായി എന്നത് നേരുതന്നെ. എന്നു കരുതി ശാസ്ത്ര സാങ്കേതിക രംഗത്തും പ്രതിരോധ പ്രവര്‍ത്തന രംഗത്ത് അമേരിക്കയുടെ ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം ലോകോത്തരമാണ്. ഭീകര ഭീഷിണി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും തലവേദനയായിക്കൊണ്ടിരിക്കെ അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളില്‍ നിന്ന് ലോകത്തിന് പലതും പഠിക്കാനുണ്ട്.
അണു ഊര്‍ജ ഉത്പാദന രംഗത്ത് അമേരിക്ക കൈവരിച്ചിട്ടുള്ള പുരോഗതി ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഏതു ജന സമൂഹത്തിനും പാഠമാകേണ്ടതാണ്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും മറ്റ് രാഷ്ട്ര നേതാക്കളും അമേരിക്കയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുമായി സഹകരിക്കുകയും ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള ഒരു ചെപ്പടി വിദ്യയല്ല ഭരണകൂടത്തിന്റെ മുഖ്യ ദൗത്യം. ഫ്രാന്‍സുമായി ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്. റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നു. ചൈനയുമായി സംയുക്ത സൈനിക അഭ്യാസംവരെ നടത്തുന്നു. ഇതിലൊന്നും യാതൊരു ആക്ഷേപവും ആരും ഉന്നയിക്കുന്നില്ല.
ആ കരാര്‍ വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തുന്നുവെന്ന് എങ്ങും പറഞ്ഞു കേള്‍ക്കുന്നില്ല. അമേരിക്കയുമായി കരാറുണ്ടാക്കിയാല്‍ മാത്രം വലിയ അപകടം എന്ന വാദം എന്തു കൊണ്ടുവരുന്നു.? സൈനിക ഉടമ്പടിയും ആണവകരാറും ചില ശാസ്ത്ര സാങ്കേതിക അറിവുകളുടെ വിനിമയം ഉള്‍പ്പെട്ടതാണ്.
നിയതമായ വ്യവസ്ഥകളോടെ മാത്രമെ സാങ്കേതിക അറിവുകള്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് കൈമാറുകയുളളു. 'എന്‍ഡ് യൂസ് മോണിറ്ററിംഗ് കരാര്‍ ' എന്നു പറഞ്ഞാല്‍ കൈമാറ്റപ്പെട്ട വിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ലൈസന്‍സ് മാത്രമാണ്.
ആഗോള വിപണന മേഖലയിലെ ഒരു മര്യാദ മാത്രമാണത്. അറിവ് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് പരിശോധിക്കുവാന്‍ അത് നല്‍കുന്നവര്‍ക്ക് അപകാശമുണ്ട്. ബിസിനസ്സ് എത്തിക്സ് വിപണി മര്യാദയെന്നോ ഒക്കെ പറയാവുന്ന ഒരു കാര്യം. അത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് വ്യാഖ്യാനിച്ച് ഉറഞ്ഞു തുള്ളുന്നത്.
വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണ്. ഇന്ത്യും അമേരിക്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം സിവിലിയന്‍ ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ സി. പി. എം. ഉള്‍പ്പെട്ട ഇടതുപക്ഷം ഇതേ ആക്ഷേപം ഉന്നയിച്ച് ഉണ്ടാക്കിയ കോലാഹലങ്ങള്‍ ആരും മറന്നിട്ടില്ല. യു. പി. എ. യില്‍ നിന്ന് അതിന്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ വിട്ടുപോയി.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് നയിച്ച ഗവണ്‍മെന്റിന്റെ നിലപാടിന് പൂര്‍ണ്ണ അംഗീകാരം നല്‍കുകയും ഇടത് പാര്‍ട്ടികളുടെ വാദഗതികള്‍ വെറും തൃണം പോലെ ദൂരെ കളയുകയും ചെയ്തു. ജനങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ഇന്തോ-യു. എസ്. കരാര്‍ നേടിയെടുത്തു. അതില്‍ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഇടതു പക്ഷത്തിനാണ് പിഴച്ചത്. ഇപ്പോഴും പരാജയപ്പെട്ട അതേ തന്ത്രം തന്നെയാണ് അവര്‍ പയറ്റുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ വിയോജിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ വിമര്‍ശകരുടെ ലക്ഷ്യം ക്രിയാത്മകമായിരിക്കണം. രാജ്യതാത്പര്യം നശിപ്പിക്കാന്‍ വേണ്ടിയാകരുത്.സാദാ രാഷ്ട്രീയ നിലവാരത്തിന്‍ നിന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ജനതാത്പര്യത്തിന് മുന്‍തൂക്കം നല്‍കി ഒരുപാട് ഇനിയും ഉയരേണ്ടിയിരിക്കുന്നു
No comments:
Post a Comment