Thursday 11 June 2009

സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?


ലാവലിന്‍ അഴിമതിക്കേസില്‍ വിചാരണ നേരിടേണ്ടിവരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും കൂട്ടരുടെയും അങ്കലാപ്പ്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ 'കരിദിനം' കൊണ്ട്‌ സി.പി.എം ഒരുദിവസം ശിക്ഷിച്ചു. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ പിണറായിയുടെ ഗുണ്ടകളുടെ പ്രതിഷേധം അക്രമാസക്തമാകുകയും ബന്ദായി പരിണമിക്കുകയും ചെയ്തു. കരിദിനത്തിന്റെ പേരില്‍ സ്കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. പൊതുവാഹനങ്ങള്‍ തീയിടുകയും ബസുകള്‍ക്ക്‌ കല്ലെറിയുകയും ചെയ്തത്‌ എന്തുതരം കരിദിനാചരണം ? കണ്ണൂരില്‍ കെ.എസ്‌.യു നേതാക്കളായ കമല്‍ജിത്ത്‌, റിജില്‍ മാക്കുറ്റി എന്നിവരെ കയ്യേറ്റം ചെയ്യാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ അരിശം തീര്‍ക്കുന്നതുപോലെയാണ്‌ കഴിഞ്ഞദിവസം പിണറായിപ്പട കേരളത്തില്‍ അഴിഞ്ഞാടിയത്‌.

കൂത്തുപറമ്പിലും പത്തനംതിട്ടയിലും കോണ്‍ഗ്രസ്‌ ഓഫീസിനുനേരെയും മാര്‍ക്സിസ്റ്റ്‌ ഗുണ്ടകള്‍ അരിശം തീര്‍ത്തു. ഇതുകൊണ്ടൊന്നും ലാവലിന്‍ അഴിമതി കേസിന്റെ വിചാരണയില്‍നിന്ന്‌ പിണറായി വിജയന്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. 
സംസ്ഥാന മന്ത്രിസഭയുടെയും അഡ്വക്കേറ്റ്‌ ജനറലിന്റെയും ഉപദേശം മാനിക്കാതെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ സി.പി.എം നേതാവിനെതിരെ അഴിമതിക്കേസില്‍ വിചാരണയ്ക്ക്‌ അനുമതി നല്‍കിയതാണ്‌ ഇപ്പോള്‍ പിണറായി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ആര്‍.എസ്‌. ഗവായ്‌ ഗവര്‍ണര്‍ പദവിക്ക്‌ അപമാനമുണ്ടാക്കിയെന്ന്‌ വൈക്കം വിശ്വനും ഗവര്‍ണര്‍ നടപടിക്രമം ലംഘിച്ചെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നു. ഗവര്‍ണര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അരുതാത്തതെന്തോ ചെയ്തുപോയി എന്നതാണ്‌ സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കൊപ്പം ചില മാധ്യമസുഹൃത്തുക്കളുടെയും സി.പി.എം സഹയാത്രികരായ ചില നിയമജ്ഞരുടെയും പക്ഷം.

374.5 കോടി രൂപയുടെ പൊതുനഷ്ടം ഉണ്ടാക്കിയ ലാവലിന്‍ അഴിമതിക്കേസില്‍ നീതിബോധമുള്ള ഒരു ഗവര്‍ണര്‍ വേറെന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്നാണ്‌ ഇവരുടെ അഭിപ്രായം? ഭരണഘടനാപരമായി ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം മാത്രമാണ്‌ ആര്‍.എസ്‌. ഗവായ്‌ ലാവലിന്‍ കേസില്‍ സ്വീകരിച്ചിട്ടുള്ളത്‌. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 165 (2) പ്രകാരം അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഭരണകൂടം നീതിയുക്തമായി തീരുമാനമെടുക്കുന്നില്ലെന്ന്‌ ബോധ്യം വന്നാല്‍ ഗവര്‍ണര്‍ക്ക്‌ ഈ അധികാരം പ്രയോഗിക്കാന്‍ അവകാശമുണ്ട്‌. ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ ഇപ്പോള്‍ എടുത്ത തീരുമാനം വഴി സംസ്ഥാനത്ത്‌ പൊലീസ്‌ രാജിന്‌ വഴിവയ്ക്കുകയാണെന്ന്‌ വിമര്‍ശിച്ച പരിണിതപ്രജ്ഞനായ വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ 1987ല്‍ ഏഴംഗ ബഞ്ചിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണറുടെ വിവേചനാധികാരം എടുത്തുകാട്ടിയിട്ടുള്ള കാര്യം അദ്ദേഹം മറന്നുപോയിരിക്കാനിടയില്ല.

ചീഫ്‌ ജസ്റ്റിസ്‌ എ.എന്‍. റേ ഉള്‍പ്പെടെ ആറ്‌ ജഡ്ജിമാര്‍ മന്ത്രിസഭയുടെ ശുപാര്‍ശ മാനിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന്‌ വാദിച്ചപ്പോള്‍ അതിന്‌ ചില അപവാദങ്ങളുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കൃഷ്ണയ്യര്‍ തന്റെ വിരുദ്ധ നിലപാട്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ചരിത്രസംഭവമാണ്‌. അതിനുശേഷം എ.ആര്‍. ആന്തുലെ കേസില്‍ രണ്ടുതവണ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍മാര്‍ വിവേചനാധികാരം പ്രയോഗിച്ചിട്ടുള്ളകാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്‌. ഈ വസ്തുതകളൊക്കെ മറന്നാണ്‌ വൈക്കം വിശ്വനും കോടിയേരിയും മറ്റ്‌ മാര്‍ക്സിസ്റ്റുകാരും ഇപ്പോള്‍ ഗവര്‍ണര്‍ ഗവായിക്കെതിരെ ഉറഞ്ഞുതുള്ളുന്നത്‌. അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദ്‌ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശം കുറ്റമറ്റതല്ലെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു. എന്തെന്നാല്‍ എ.ജി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. അവശ്യംവേണ്ട രേഖകളില്ലാതെ അപൂര്‍ണ്ണമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുപോലൊരു കേസില്‍ എ.ജി നല്‍കിയ നിയമോപദേശം അതിന്റെ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ തള്ളിപ്പോകാവുന്നതാണ്‌.

എന്നാല്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്‌ മെരിറ്റോ, നിയമമോ, ഭരണഘടനയോ, നീതിന്യായമോ ഒന്നും ആവശ്യമില്ലല്ലോ. ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ അഴിമതിക്കേസില്‍നിന്ന്‌ രക്ഷിക്കണം. അതിന്‌ പാര്‍ട്ടിയുടെ ദാസനായ എ.ജി നല്‍കിയ ഉപദേശത്തിന്റെ നിയമപരമായ പിന്‍ബലവും കരുത്തുമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഗവര്‍ണര്‍ നീതിമാനാണെങ്കില്‍ അങ്ങനെ സൗകര്യപൂര്‍വ്വം തട്ടിക്കൂട്ടിയ ഉപദേശത്തിന്റെ പേരിലുള്ള മന്ത്രിസഭാ തീരുമാനം സ്വീകരിക്കാന്‍ വിസമ്മതിക്കും. ആര്‍.എസ്‌. ഗവായ്‌ ഇവിടെ ചെയ്തതും അതാണ്‌. അദ്ദേഹം ഒന്നുകൂടി ചെയ്തു. രാജ്യത്ത്‌ ഇത്തരം വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുണ്ടെന്ന്‌ കരുതുന്ന പ്രശസ്തരായ നിയമജ്ഞരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം ആരായുകയും സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു.

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ വിചാരണ ചെയ്യപ്പെടാന്‍ തക്ക കുറ്റം ചെയ്തിട്ടുണ്ടെന്ന്‌ ബോധ്യമായതുകൊണ്ടുതന്നെയാണ്‌ ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച്‌ അനുമതി നല്‍കിയത്‌. കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷകര്‍ കണ്ടെത്തിയ പ്രതിയെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നത്‌ ഒരു ശിക്ഷാനടപടിയല്ല. പ്രതി കുറ്റക്കാരനല്ലെങ്കില്‍ അക്കാര്യം അദ്ദേഹത്തിന്‌ വിചാരണവേളയില്‍ കോടതിയില്‍ പറയാം. സമ്മര്‍ദ്ദ സ്വാധീനങ്ങളിലൂടെ കേസിന്റെ വിചാരണയില്‍ നിന്ന്‌ പിണറായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന സംശയം കൂടുതല്‍ ബലപ്പെടുക. സി.പി.ഐ നേതാവ്‌ എ.ബി ബര്‍ധന്‍ പറഞ്ഞതുപോലെ, വിചാരണ നേരിടാന്‍ തയ്യാറായാല്‍ പിണറായിയുടെ യശസ്സ്‌ വര്‍ധിക്കുകയേയുള്ളൂ.

പകരം ഗവര്‍ണറേയും കോടതിയേയും സി.ബി.ഐയേയും തെറിവിളിച്ച്‌ പാര്‍ട്ടി ഗുണ്ടകളെ അക്രമോത്സുകരാക്കി നാട്ടുകാര്‍ക്കിടയിലേക്ക്‌ ഇറക്കിവിട്ടാല്‍ നീതിക്കും ന്യായത്തിനും എന്തുവിലയാണ്‌ ഉണ്ടാവുക? നീതിന്യായ വ്യവസ്ഥ നിലനില്‍ക്കേണ്ടതില്ലെന്നാണോ സി.പി.എമ്മിന്റെ നിലപാട്‌. പള്ളിക്കും പള്ളിക്കൂടത്തിനും പൊതുവാഹനങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്നത്‌ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ തോന്നിപ്പോകുന്നു. നാട്ടില്‍ എല്ലാവരും അനുസരിക്കേണ്ട നിയമം പിണറായി വിജയന്‌ മാത്രം ബാധകമല്ലെന്നോ? സി.പി.എം സംസ്ഥാന സെക്രട്ടറി ദൈവമൊന്നുമല്ലല്ലോ?

Sunday 7 June 2009

സ്ത്രീ സംവരണം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌


സാമൂഹിക ജീവിതരംഗത്ത്‌ വമ്പിച്ച പരിവര്‍ത്തനത്തിന്‌ വഴിയൊരുക്കുന്ന പരിഷ്കാര നിര്‍ദ്ദേശങ്ങളുമായി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുറത്തുവന്നു. സാധാരണക്കാരുടെയും ദുര്‍ബല ജനവിഭാഗങ്ങളുടെയും ജീവിതോന്നമനത്തിന്‌ ഉതകുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നാണ്‌ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ചത്‌. വരുന്ന നൂറ്‌ ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളില്‍ വനിതാസംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്‌ ഏറ്റവും വിപ്ലവാത്മകം. 
തുല്യനീതിയെക്കുറിച്ചുള്ള നീണ്ട വാചകങ്ങള്‍ കേട്ട്‌ ശീലിച്ച ജനങ്ങള്‍ക്ക്‌ കാര്യത്തോടടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പലരംഗത്തും തുല്യത അനുഭവപ്പെടുന്നില്ല.

അതില്‍ ഒന്നാമത്തേതാണ്‌ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട്‌. രാജ്യത്തെ ജനസംഖ്യയില്‍ നേര്‍പകുതി സ്ത്രീകളാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭകളില്‍ അവരുടെ പ്രാതിനിധ്യം നാമമാത്രവും. അതിന്‌ ഉത്തരവാദികള്‍ ഏതായാലും സ്ത്രീകളല്ല. രാഷ്ട്രീയത്തിലേക്കും പൊതുജീവിതത്തിലേക്കും സ്ത്രീകളെ പുരുഷനുതുല്യം ആകര്‍ഷിക്കത്തക്ക സാമൂഹിക പരിതസ്ഥിതി ഇല്ലെന്നുമാത്രമല്ല അതിന്‌ അനുഗുണമായ അവസരവും നിലവിലില്ലെന്നതാണ്‌ പ്രധാനം. ഇത്‌ ദൂരീകരിക്കാന്‍ വനിതാ സംവരണം നടപ്പാക്കണമെന്നത്‌ സാമൂഹികനീതിയെക്കുറിച്ച്‌ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. 1996ല്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായി.

യാഥാര്‍ത്ഥ്യത്തിലേക്ക്‌ കടന്നപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും പുറമേ ഭാവിക്കുന്നതിന്‌ വിപരീതമായി വനിതാ സംവരണപ്രശ്നത്തില്‍ നിന്ന്‌ തന്ത്രപൂര്‍വ്വം തലവലിക്കുകയാണ്‌ ചെയ്തത്‌. എല്ലാ പാര്‍ട്ടികളിലെയും വനിതാ നേതാക്കള്‍ ഒന്നിച്ചുനിന്ന്‌ വനിതാ ബില്ലിനുവേണ്ടി മുറവിളി കൂട്ടേണ്ട സ്ഥിതിയുണ്ടായി. പാര്‍ലമെന്റിലും നിയമസഭകളിലും ബില്ലുകള്‍ പാസ്സാക്കാന്‍ അംഗങ്ങളുടെ ഭൂരിപക്ഷമാണ്‌ മാനദണ്ഡം. എന്നാല്‍ വനിതാസംവരണക്കാര്യത്തില്‍ ഭൂരിപക്ഷമല്ല, അഭിപ്രായ സമന്വയം വേണമെന്ന്‌ നേതാക്കള്‍ വാദിച്ചു. സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, സമതാപാര്‍ട്ടി, ശിവസേന തുടങ്ങിയ കക്ഷികള്‍ വനിതാ സംവരണത്തെ അനുകൂലിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനവിധി ഈ കക്ഷികള്‍ക്കെല്ലാം എതിരായിരുന്നു എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്‌.

രാജ്യത്ത്‌ 55 കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന തോന്നലാണ്‌ ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെ പ്രഖ്യാപനത്തോടെ ഉളവാകുന്നത്‌. സംവരണബില്ലിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന്‌ ദേശീയമിഷന്‍ രൂപീകരിക്കുമെന്നതും മാതൃമരണനിരക്ക്‌ കുറയ്ക്കാന്‍ വനിതകള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതി ഏര്‍പ്പെടുത്തുമെന്നതുമടക്കം നിരവധി പദ്ധതികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമസഭകളിലും പഞ്ചായത്തുകളിലും മറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 33 ശതമാനം സംവരണം എന്ന ആശയം രാജീവ്ഗാന്ധി സര്‍ക്കാരിന്റേതായിരുന്നു. 1993ല്‍ ഇതിനായി ഭരണഘടനയുടെ 73-ാ‍ം ഭേദഗതി പാര്‍ലമെന്റ്‌ പാസ്സാക്കി.

പത്തുലക്ഷത്തോളം സ്ത്രീകള്‍ ഇന്ന്‌ പ്രാദേശിക ഭരണകൂടങ്ങളുടെ സാരഥ്യം വഹിക്കുന്നുണ്ട്‌. നൂറുദിവസത്തിനകം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നിയമമാക്കാന്‍ പോകുന്ന വനിതാസംവരണം പഞ്ചായത്ത്‌ ഭരണസമിതികളില്‍ നേര്‍പകുതി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി നീക്കിവെയ്ക്കുമെന്നാണ്‌ നയപ്രഖ്യാപനത്തിലുള്ളത്‌. ജനസംഖ്യാനുപാതികമായ സംവരണം ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഇത്തരത്തില്‍ നടപ്പായാല്‍ വമ്പിച്ച സാമൂഹിക മാറ്റത്തിന്‌ വഴിയൊരുക്കുമെന്നകാര്യം തീര്‍ച്ചയാണ്‌. 
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന്‌ നയപ്രഖ്യാപനത്തിലുണ്ട്‌. ഗ്രാമപ്രദേശങ്ങളില്‍ 1.2 ലക്ഷം വീടുകളും നഗരങ്ങളില്‍ 1.5 ലക്ഷം വീടുകളും ഉടന്‍ നിര്‍മ്മിക്കും. പാവപ്പെട്ടവര്‍ക്ക്‌ എല്ലാമാസവും മൂന്ന്‌ രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയോ ഗോതമ്പോ ലഭ്യമാക്കും.

വരുന്ന നൂറുദിവസത്തിനുള്ളില്‍ നടപ്പാക്കുന്ന 25 ഇന കര്‍മ്മപരിപാടികള്‍ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി എടുത്തുപറഞ്ഞിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നഗരപ്രദേശങ്ങളിലെ മുഴുവന്‍ ചേരികളും നിര്‍മ്മാര്‍ജ്ജനം ചെയ്യും. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക, സുരക്ഷാ പ്രശ്നങ്ങള്‍ കര്‍ശനമാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക തുടങ്ങിയ കാര്യങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുണ്ട്‌. കോണ്‍ഗ്രസ്‌ നയിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്‌ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും കോണ്‍ഗ്രസില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസത്തിനും ബലമേകുന്നതാണ്‌ വരുന്ന ഒരുവര്‍ഷത്തെ ഈ കര്‍മ്മപരിപാടികളിലുള്ള ഓരോ പദ്ധതിയുമെന്ന്‌ എടുത്തുപറയണം.