Tuesday 18 August 2009

കേരളം = കൊള്ളയടി


കേരളം തസ്കരസംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും പിടിയിലായി എന്ന്‌ പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല. ബാങ്ക്‌ കവര്‍ച്ചകളും ഭവനഭേദനങ്ങളും നിത്യവും വാര്‍ത്തകളായിത്തീരുന്നു. ഇപ്പോള്‍ ക്ഷേത്രക്കവര്‍ച്ചയും പതിവായിരിക്കുന്നു. ജനങ്ങളുടെ ജീവനും പൊതുസ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്‌ കഴിയുന്നില്ല. മുഖ്യമന്ത്രിയെ അനുസരിക്കുകയോ മാനിക്കുകയോ ചെയ്യാത്ത മന്ത്രിമാരും സി.പി.എം നേതൃത്വം ശത്രുവിനെപ്പോലെ കാണുന്ന മുഖ്യമന്ത്രിയും പേരിന്‌ അധികാരത്തില്‍ തുടരുന്നു എന്നല്ലാതെ ഭരണം ഔപചാരികമായിപ്പോലും നടക്കുന്നതായി ജനങ്ങള്‍ക്ക്‌ അനുഭവപ്പെടുന്നില്ല. തികഞ്ഞ അരക്ഷിതാവസ്ഥയില്‍ സാമൂഹിക വിരുദ്ധര്‍ക്ക്‌ നിയമം കയ്യിലെടുക്കാന്‍ ആരെയും ഭയക്കേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു. പൊലീസ്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം വഴിപാടുഭരണം നടത്തുകയാണ്‌. സി.പി.എമ്മിന്റെ സ്ഥാപിത താല്‍പര്യം മാത്രമേ കേരളത്തില്‍ ഇപ്പോള്‍ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുന്നുള്ളൂ. പൊതുതാല്‍പര്യം അരക്ഷിതാവസ്ഥയിലായ ഇതുപോലൊരു കാലം കേരളം ഇതുവരെ കണ്ടിട്ടില്ല.

എറണാകുളം ജില്ലയിലെ പാഴൂര്‍ പെരുംതൃക്കോവില്‍ എന്ന പുരാതന ക്ഷേത്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കവര്‍ച്ചയെക്കുറിച്ചോ തൃശൂരിനും പൊന്നാനിക്കുമിടയില്‍ കഴിഞ്ഞദിവസമുണ്ടായ പണാപഹരണത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ പലഭാഗത്തും നടക്കുന്ന ബാങ്ക്‌ കൊള്ളയെക്കുറിച്ചോ മാത്രം മനസ്സില്‍വെച്ചുകൊണ്ടല്ല കേരളത്തിന്റെ അനാഥാവസ്ഥയെപ്പറ്റി വിലാപസ്വരത്തില്‍ ഇവിടെ പ്രതിപാദിക്കുന്നത്‌. മോഷണവും തട്ടിപ്പും കവര്‍ച്ചയും തരികിടയും കേരളത്തിന്റെ നിത്യജീവിതത്തില്‍ ഒരു സ്വാഭാവിക ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമത്തില്‍ ഒരു ബാങ്ക്‌ സ്ഥാപിക്കുന്നത്‌ നാട്ടിലെ തസ്കരന്‍മാര്‍ക്ക്‌ കൊള്ളടയിക്കാനല്ലെങ്കില്‍ പിന്നെന്തിനാണെന്ന ഭാവം. ഒരു പുരാതന ക്ഷേത്രമെങ്കിലും നാട്ടില്‍ ഇല്ലെങ്കില്‍ കൊള്ളക്കാര്‍ എങ്ങനെ ജീവിക്കും എന്ന രീതി. ആരെയെങ്കിലും ദ്രോഹിച്ച്‌ പണംതട്ടി സുഖലോലുപനായി ജീവിക്കുന്നതാണ്‌ ബഹുമാന്യതയെന്ന്‌ കരുതുന്ന അപകടകരമായ ഒരു പൊതുമനോഭാവം. ഇത്തരം സ്വഭാവവിശേഷങ്ങള്‍ ആഗോളവല്‍കൃത സമൂഹത്തിലെ ലോകരീതിയാണെന്ന ഭാവം അഭ്യസ്തവിദ്യരെന്ന്‌ കരുതുന്നവരില്‍പ്പോലും രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

സാധാരണ ജനങ്ങള്‍ മറിച്ച്‌ എങ്ങനെ ചിന്തിക്കും? സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്രസ്ഥാനമെന്ന്‌ സ്വയം ഭാവിക്കുന്ന സി.പി.എം അഴിമതിയോടും തട്ടിപ്പിനോടും പുലര്‍ത്തുന്ന പൊതുസമീപനം ജനങ്ങളില്‍ അപകടകരമായ ഇത്തരമൊരു ബോധം വളര്‍ത്തുന്നത്‌ സ്വാഭാവികംമാത്രം. എന്തെന്നാല്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി കണ്ടുപിടിച്ച നേതാവിനെ പാര്‍ട്ടി ന്യായീകരിക്കുകയും അഴിമതി ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച നേതാവിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ രീതി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കാരന്‍ മാന്യനായി മുദ്രയടിക്കപ്പെടുന്നു. അക്കാര്യം വിളിച്ചുപറഞ്ഞയാള്‍ പാര്‍ട്ടിയാല്‍ ശിക്ഷിക്കപ്പെടുന്നു. ഇത്‌ കലികാലവൈഭവമെന്ന്‌ പഴമക്കാര്‍ പറയുന്ന വിരോധാഭാസമാണ്‌. ഇത്തരമൊരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റില്‍ നിന്ന്‌ ജനങ്ങള്‍ ഒരിക്കലും നീതി പ്രതീക്ഷിക്കില്ല. തസ്കരന്‍മാരും തട്ടിപ്പുകാരും ആഹ്ലാദിക്കുകയും ചെയ്യും.

കാരണം അവരുടെ സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ക്ക്‌ കേരളത്തിലെ ശക്തമായ പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകള്‍ പരോക്ഷമായെങ്കിലും ലഭിച്ചിരിക്കുന്നു!
പിറവത്തിനടുത്തുള്ള പാഴൂര്‍ പെരുംതൃക്കോവില്‍ ദേശീയ സംരക്ഷിത സ്മാരകപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരാതന ക്ഷേത്രമാണ്‌. അതിപ്രാചീനമായ ചുമര്‍ ചിത്രങ്ങളും അമൂല്യങ്ങളായ ദാരുശില്‍പങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌. അവിടെ സൂക്ഷിച്ചിരുന്ന 'ഗൗരീശങ്കരം' എന്ന സ്വര്‍ണംപൊതിഞ്ഞ ഇരട്ടരുദ്രാക്ഷവും തങ്കഗോളകയും കാണിക്കവഞ്ചിയിലെ പണവും കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരുഡസനിലേറെ ക്ഷേത്രക്കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. ഏലൂര്‍ മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌ കഴിഞ്ഞയാഴ്ചയാണ്‌. കാലടിയിലെ പുരാതന ക്ഷേത്രം ഏതാനും മാസംമുമ്പ്‌ കൊള്ളയടിക്കപ്പെട്ടു. വലുതും ചെറുതുമായ അനേകം അമ്പലങ്ങളും പള്ളികളും അടിക്കടി മോഷ്ടിക്കപ്പെടുമ്പോള്‍ പഴയ ഒരു സി.പി.എം മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭഗവാന്‌ പാറാവെന്തിന്‌ എന്ന്‌ മൗഢ്യത്തോടെ ഇന്നത്തെക്കാലത്ത്‌ ആരെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല.

ഭഗവാന്‌ അംഗരക്ഷകന്റെ ആവശ്യമില്ലായിരിക്കാം. എന്നാല്‍ ഭഗവാന്റെ അമൂല്യസമ്പത്തുകള്‍ കാത്തുസൂക്ഷിക്കേണ്ടത്‌ നാടിന്റെ പൊതുആവശ്യമാണ്‌. അതിന്റെ സാമ്പത്തിക മൂല്യങ്ങള്‍ക്കൊപ്പം ചരിത്രപരവും പൗരാണികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. അതിനാല്‍ ഇത്തരം സ്വത്തുകളുടെ കേദാരമായ പുരാതനദേവാലയങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും കൊള്ളക്കാരില്‍നിന്നും സംരക്ഷണം നല്‍കണം. ഭരിക്കുന്നവര്‍ക്ക്‌ ദൈവവിശ്വാസമില്ലെങ്കിലും ഭരിക്കപ്പെടുന്നവരുടെ ഇഷ്ടവും ആവശ്യവും അവഗണിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്‌ അവകാശമില്ല. കേരളത്തിന്റെ അരക്ഷിതാവസ്ഥ അടിയന്തരമായി മാറ്റാന്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റിനോട്‌ ജനങ്ങള്‍ നിശ്ശബ്ദമായി ആവശ്യപ്പെടുന്നുണ്ട്‌. എന്നാല്‍ ജനഹിതം മാനിക്കാന്‍ തക്ക വിനയമില്ലാത്ത ഭരണാധികാരികള്‍ ജനക്കൂട്ടത്തിന്റെ ആ പൊതുവിലാപം കേള്‍ക്കുന്നില്ലെന്നുമാത്രം. തസ്കരന്‍മാര്‍ അഴിഞ്ഞാടുന്ന ഒരു നാടായി കേരളം മാറിയിരിക്കുന്നു. ഇവിടെയിപ്പോള്‍ ദൈവത്തിനുപോലും രക്ഷയില്ലെന്നതാണ്‌ ഏറ്റവും പരിതാപകരമായ അവസ്ഥ.