Thursday 14 May 2009

വര്‍ധിപ്പിച്ച മെഡിക്കല്‍ സീറ്റ്‌: തൃശ്ശൂരിന്‌ അംഗീകാരം,കോട്ടയം, ആലപ്പുഴ തീരുമാനം പിന്നീട്‌ ...


മൂന്ന്‌ വര്‍ഷം മുമ്പ്‌ തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിച്ച 150 മെഡിക്കല്‍ സീറ്റുകളില്‍ തൃശ്ശൂരിലെ 50 സീറ്റിന്‌ മാത്രം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകാരം നല്‍കിയതായി അറിയുന്നു. 

എന്നാല്‍ കോട്ടയം, ആലപ്പുഴ മെഡിക്കല്‍കോളേജുകളില്‍ സൗകര്യങ്ങള്‍ അപര്യാപ്‌തമായതിനാല്‍ മൂന്നാഴ്‌ചയ്‌ക്കകം സൗകര്യങ്ങള്‍ സംബന്ധിച്ച 'കംപ്ലെയന്‍സ്‌' റിപ്പോര്‍ട്ട്‌ നല്‍കാനും കൗണ്‍സില്‍ സമയം നല്‍കിയിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഈ കോളേജുകളിലെ കൂട്ടിയ സീറ്റുകളുടെ ഭാവി തീരുമാനിക്കപ്പെടുക. 

കൂടുതല്‍ അധ്യാപകരെ നിയമിക്കുക, പഠനത്തിനാവശ്യമായ തിയേറ്റര്‍ സൗകര്യം പൂര്‍ത്തിയാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ അതൃപ്‌തി രേഖപ്പെടുത്തിയത്‌. കൂടുതല്‍ അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി, നിയമനം ഉറപ്പാക്കി മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കുമെന്നുതന്നെയാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ റംലാബീവി പറഞ്ഞു. 

എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപക തസ്‌തികയില്‍ 550 ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്‌. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ആകെ 26 അധ്യാപകരെ നിയമിക്കാന്‍ മാത്രമേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളു. പി.ജി. ഡിഗ്രിയുള്ള ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ്‌, ആകര്‍ഷകമല്ലാത്ത വേതനഘടന എന്നിവ കാരണം അധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ട്‌. 

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്ക്‌ വരുമ്പോള്‍ മറ്റ്‌ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ താത്‌ക്കാലിക സ്ഥലംമാറ്റം നല്‍കി, മുട്ടുശാന്തിക്കായി അംഗീകാരം വാങ്ങിയെടുക്കുന്ന രീതിയാണ്‌ തുടര്‍ന്നിരുന്നത്‌. എന്നാല്‍ ഈ ആവശ്യം മെഡിക്കല്‍കോളേജ്‌ ടീച്ചര്‍മാരുടെ സംഘടന കെ.ജി.എം.സി.ടി. സര്‍ക്കാരിന്റെ 'കളി'ക്ക്‌ കൂട്ടുനില്‍ക്കാതെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. 

ആലപ്പുഴയില്‍ വണ്ടാനത്തെ തിയേറ്റര്‍ കോംപ്ലക്‌സ്‌ പണി തീരാത്തതും ആസ്‌പത്രി പൂര്‍ണമായി മാറ്റാത്തതും മെഡിക്കല്‍ കൗണ്‍സില്‍ പ്രശ്‌നമായി എടുത്തിട്ടുണ്ട്‌. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ കൂട്ടിയ സീറ്റുകള്‍ക്ക്‌ അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതരുടെ പ്രതീക്ഷ. 

കൂട്ടിയ സീറ്റുകളുടെ അംഗീകാരം റദ്ദായിയെന്ന്‌ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന്‌ ആലപ്പുഴ കോളേജ്‌ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഘെരാവോ ചെയ്‌തു. എന്നാല്‍ പിന്നീട്‌ വിദ്യാര്‍ഥികള്‍ കാര്യം മനസ്സിലാക്കി ഘെരാവോ നിര്‍ത്തി പിരിഞ്ഞുപോവുകയാണുണ്ടായത്‌

സുധാകരന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നെല്ലിക്ക അയച്ചു കൊടുക്കും !!! ചികിത്സയ്ക്കുള്ള ചെലവ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വഹിക്കും!!!


മന്ത്രി ജി സുധാകരന്‍ കേരളത്തിലെ ക്വട്ടേഷന്‍ സംഘത്തലവനെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന്‌ യൂത്ത്കോണ്‍ഗ്രസ്‌ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ടി സിദ്ദിഖ്‌. ഭരണതത്വങ്ങളും നിയമവ്യവസ്ഥയുമെല്ലാം പാലിക്കേണ്ട മന്ത്രി അരാജകത്വം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കുകയാണെന്ന്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ മര്‍ദ്ദിക്കാനും അമ്പലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ്‌-കോണ്‍ഗ്രസ്‌ ഓഫിസുകള്‍ തകര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയത്‌ സുധാകരനാണെന്ന്‌ സിദ്ദിഖ്‌ ചൂണ്ടിക്കാട്ടി. സമനില തെറ്റിയ മന്ത്രി സുധാകരനെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി പ്രത്യേക ചികിത്സ നടത്തണം. ചികിത്സിക്കാനുള്ള ചെലവ്‌ ആവശ്യമെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ തരാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 ജില്ലാ കമ്മിറ്റികളും ഓരോ കിലോ നെല്ലിക്ക വീതം സുധാകരന്‌ അയച്ചുകൊടുക്കും. മന്ത്രി ഇത്‌ സ്വീകരിക്കണം. സുധാകരന്റെ നാക്കിനെ നിയന്ത്രിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ മാത്രമല്ല തെരുവുയുദ്ധം നടക്കും എന്നതിന്റെ തെളിവാണ്‌ അമ്പലപ്പുഴ സംഭവം. സുധാകരന്റെ ഓഫീസിലും ഗുണ്ടകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സുധാകരന്റെ നിയോജകമണ്ഡലമായ അമ്പലപ്പുഴയിലെ പ്രതിനിധി എച്ച്‌ സലാമിന്റെ നേതൃത്വത്തിലാണ്‌ ഓഫീസുകള്‍ അടിച്ചുതകര്‍ത്തത്‌.കോണ്‍ഗ്രസ്‌ ഓഫിസ്‌ പ്രദേശത്തെ ഗ്രന്ഥാലയംകൂടിയാണ്‌. ഗ്രന്ഥാലയങ്ങളും ഓഫിസുകളും തകര്‍ക്കുന്നതാണോ സുധാകരന്റെ സംസ്കാരമെന്ന്‌ വ്യക്തമാക്കണം. സുധാകരന്റെ പ്രസ്താവനകള്‍ വാമൊഴിവഴക്കത്തിന്‌ നല്ല ഉദാഹരണമാണെന്നാണ്‌ കെ ഇ എന്‍ മുമ്പ്‌ പറഞ്ഞത്‌. ചിലതൊക്കെ കാണിക്കും എന്നാണ്‌ കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത്‌. ഇത്‌ ഏതു വാമൊഴിവഴക്കമാണെന്ന്‌ കെ ഇ എന്‍ വ്യക്തമാക്കണമെന്ന്‌ സിദ്ദിഖ്‌ ആവശ്യപ്പെട്ടു. 

മാനനഷ്ടക്കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ജി സുധാകരന്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചു. പത്തുപൈസയുടെ മാനവും അഭിമാനവും ജി സുധാകരനുണ്ടോ എന്ന്‌ വ്യക്തമാക്കണം. മാനനഷ്ടക്കേസ്‌ യൂത്ത്കോണ്‍ഗ്രസ്‌ കോടതിയില്‍ നേരിടും. 
സാംസ്കാരികകേരളത്തിന്‌ അപമാനമായ, സംസ്കാരം നശിച്ച ജി സുധാകരനെ മന്ത്രിസഭയില്‍നിന്നും പിന്‍വലിക്കാന്‍ സി പി എം അടിയന്തിര നടപടി സ്വീകരിക്കണം. തെറിയും അസഭ്യവും പറയുന്ന ഒരു മന്ത്രിയെ ചുമക്കാന്‍ ജനാധിപത്യകേരളത്തിന്‌ കഴിയില്ല. സുധാകരനെ നിയന്ത്രിക്കാന്‍ സി പി എമ്മിന്‌ കഴിയാത്തതിനാലാണ്‌ പിന്‍വലിക്കാന്‍ യൂത്ത്കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. ഓഫിസുകള്‍ തകര്‍ത്ത സി പി എം ക്രിമിനലുകളെ ഉടന്‍ അറസ്റ്റുചെയ്യണം. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം യൂത്ത്കോണ്‍ഗ്രസ്‌ അനുവദിക്കില്ല. അറസ്റ്റുചെയ്തില്ലെങ്കില്‍ യൂത്ത്കോണ്‍ഗ്രസ്‌ ശക്തമായ പ്രക്ഷോഭത്തിന്‌ തുടക്കംകുറിക്കുമെന്നും സിദ്ദിഖ്‌ മുന്നറിയിപ്പു നല്‍കി.