Friday 7 August 2009

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌'


ശാസ്ത്ര സാങ്കേതികരംഗത്ത്‌ കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കൊപ്പം ഇന്ത്യ സൈനിക മേഖലയിലും ഇപ്പോള്‍ തനതായ മികവ്‌ പ്രകടിപ്പിച്ചിരിക്കുകയാണ്‌. നാവികസേനയുടെ മുതല്‍ക്കൂട്ടായിത്തീര്‍ന്ന 'ഐ.എന്‍.എസ്‌ അരിഹന്ത്‌' കടലില്‍ ഇറക്കിയതോടെ ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ നാം ലോകശ്രദ്ധനേടിയിരിക്കുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടണ്‍, ചൈന എന്നീ രാജ്യങ്ങളുടെ ശ്രേണിയിലേക്ക്‌ ഇന്ത്യ എത്തുമ്പോള്‍ അരിഹന്ത്‌ എന്ന അന്തര്‍വാഹിനിക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച വിദഗ്ധര്‍ക്ക്‌ തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുണ്ട്‌. ലോകത്തിപ്പോള്‍ ഇത്തരത്തില്‍ 70 ആണവ അന്തര്‍വാഹിനികളുണ്ട്‌. അതില്‍ പകുതിയും അമേരിക്കയുടെ വകയാണ്‌. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിശാഖപട്ടണത്ത്‌ ഐ.എന്‍.എസ്‌ അരിഹന്തിന്റെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുകയായിരുന്നു. അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായി ഇന്ത്യന്‍ ബുദ്ധിശക്തിയുടെ ഉല്‍പന്നമാണ്‌.

റഡാറിനെയും ചാരവിമാനത്തെയും കടത്തിവെട്ടുന്ന തരത്തിലുള്ള സംവേദന സങ്കേതങ്ങള്‍ അടങ്ങിയ അരിഹന്ത്‌ അന്തര്‍വാഹിനിക്ക്‌ ആഴക്കടലില്‍ നൂറുമീറ്ററോളം താഴ്ചയില്‍ രഹസ്യമായി മുങ്ങിക്കിടക്കാന്‍ കഴിയും. സാഗരിക മിസെയിലിന്റെ സഞ്ചാരഗതി നിര്‍ണയിക്കാന്‍ സഹായിക്കുന്ന സോണാര്‍ ഉഷസ്‌ ഇതിനുവേണ്ടി നിര്‍മിച്ചത്‌ ഡി.ആര്‍.ഡി.ഒ ആണ്‌. അതീവരഹസ്യമായിട്ടാണ്‌ സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മാണം വിവിധ കേന്ദ്രങ്ങളില്‍ പല ഘട്ടങ്ങളിലായി നടന്നുവന്നത്‌. 1984ല്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിയാകുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്‌ അരിഹന്തിന്റെ നിര്‍മാണജോലി ആരംഭിച്ചത്‌. കാല്‍നൂറ്റാണ്ടുകൊണ്ട്‌ 3000 കോടി രൂപാ ചെലവില്‍ അതിവിശിഷ്ടമായ ഈ ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച്‌ നമ്മുടെ നാവികസേനാ ശക്തിക്ക്‌ മുതല്‍കൂട്ടുമ്പോള്‍ അവിസ്മരണീയമായ ഒരു ചരിത്ര മുഹൂര്‍ത്തത്തിലൂടെയാണ്‌ ഇന്ത്യ കടന്നുപോകുന്നത്‌. കാര്‍ഗില്‍ മഞ്ഞുമലകളില്‍ പത്തുവര്‍ഷം മുമ്പ്‌ രാജ്യരക്ഷയ്ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ധീരന്‍മാരായ ജവാന്‍മാരെ അനുസ്മരിക്കുന്ന ദിവസമാണ്‌ അരിഹന്ത്‌ ഉപചാരപൂര്‍വ്വം കടലില്‍ ഇറങ്ങിയത്‌.

ചരിത്രപരമായി സമാധാനകാംക്ഷികള്‍ ജീവിക്കുകയും നയിക്കുകയും ചെയ്യുന്ന നാടാണ്‌ ഇന്ത്യ. വേദകാലം മുതല്‍ ഇന്ത്യയുടെ മഹാപാരമ്പര്യം സഹിഷ്ണുതയുടേതാണ്‌. തന്ത്രപ്രധാനമായ പരിഷ്കൃത ആയുധശേഷി കൈവരിക്കുമ്പോള്‍ ഇന്ത്യ ഈ പാരമ്പര്യത്തെ മറക്കുകയാണോ എന്ന്‌ ചില കേന്ദ്രങ്ങള്‍ പുരികം ചുളിക്കുന്നു. വാര്‍ഷിക ബജറ്റില്‍ ഒന്നരലക്ഷം കോടി രൂപ പ്രതിരോധ ചെലവുകള്‍ക്ക്‌ നീക്കിവെച്ച ഇന്ത്യയിലെ സാമൂഹിക സ്ഥിതി കണക്കിലെടുക്കുന്നില്ലേ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. വിദ്യാഭ്യാസത്തിനും പാര്‍പ്പിട സൗകര്യത്തിനും വൈദ്യസഹായത്തിനും ഭക്ഷണത്തിനും വിഷമിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള ഒരു രാജ്യം സൈനികശക്തി സമാഹരിക്കുന്നതില്‍ പൊരുത്തക്കേട്‌ ഉണ്ടെന്ന്‌ വിമര്‍ശിക്കാന്‍ ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യവുമാണ്‌ നമ്മുടേത്‌. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ ചില വസ്തുതകള്‍ മറന്നുപോകുന്നു.

ഇന്ത്യയ്ക്ക്‌ ചുറ്റും സൗഹൃദത്തേക്കാള്‍ കൂടുതല്‍ സംഘര്‍ഷ സ്വഭാവങ്ങള്‍ ശക്തിപ്രാപിക്കുന്നത്‌ കാണാതിരുന്നുകൂടാ. പാകിസ്ഥാനും ചൈനയും ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സഹിഷ്ണുതയുടെ പേരില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യ ആരെയും ആക്രമിച്ചതിന്‌ ചരിത്രത്തില്‍ ഒരു ഉദാഹരണം പോലുമില്ല. എന്നാല്‍ നമുക്കെതിരെ ഉണ്ടാകുന്ന വിദേശാക്രമണങ്ങള്‍ക്ക്‌ കീഴടങ്ങാനും കഴിയില്ല. അരിഹന്തിനെ നീറ്റിലിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്‌. 'ആണവായുധമല്ല, ഒരുതരം ആയുധവും ഇന്ത്യ ആര്‍ക്കെതിരെയും ആദ്യം പ്രയോഗിക്കില്ല. നമുക്ക്‌ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ്‌ മുഖ്യം'. ലോകമെങ്ങുമുള്ള ഉല്‍പതിഷ്ണുക്കളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെയും വ്യവസായ നിക്ഷേപകരുടെയും ലക്ഷ്യസ്ഥാനമാണ്‌ ഇന്ത്യ. ഒരു ലോകശക്തിയായി നമ്മുടെ രാജ്യം നാനാമേഖലകളില്‍ പുരോഗമിക്കുന്നതോടെ ഈ രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വരുംകാലം വര്‍ധിക്കുകയും ചെയ്യും.

ഇവിടത്തെ ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിഹരിക്കാന്‍ എത്തുന്ന അതിഥികള്‍ക്കും ഇവിടെ പരമ്പരാഗതമായി ജീവിക്കുന്നവര്‍ക്കും ഇന്ത്യ സുരക്ഷിത പാര്‍പ്പിട പ്രദേശമായി തെരഞ്ഞെടുക്കുന്നവര്‍ക്കും സ്വസ്ഥതയും സമാധാനവും നല്‍കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. സമാധാനവും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ അര്‍ത്ഥവത്തായ സൈനിക ശക്തിയും ഇന്ത്യയ്ക്ക്‌ ഉണ്ടാകണം. പ്രതിരോധത്തിന്റെ മഹനീയമായ ലക്ഷ്യങ്ങള്‍ മുറുകെപ്പിടിക്കുമ്പോള്‍ സഹിഷ്ണുതയുടെ മഹാമൂല്യങ്ങളൊന്നും ഇന്ത്യയ്ക്ക്‌ മറക്കാനും കഴിയില്ല. അണുശക്തി ജീവിതപുരോഗതിക്കും സമാധാനപരമായ ആവശ്യത്തിനും മാത്രം ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ്‌ ഇന്ത്യ. അരിഹന്ത്‌ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ തീരുമാനിച്ച ഇന്ദിരാഗാന്ധി അക്കാര്യം പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്‌. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പോലെ പ്രധാനമായിരുന്നു ഇന്ദിരാഗാന്ധിക്ക്‌ ദേശീയ സുരക്ഷിതത്വം.

ആ സുരക്ഷിതത്വ സങ്കല്‍പങ്ങള്‍ക്ക്‌ ഈയിടെ അതിര്‍ത്തികടന്നുള്ള ഭീകരഭീഷണി ഉയര്‍ന്നുവന്നപ്പോള്‍ നമ്മുടെ സ്വന്തം ശാസ്ത്രജ്ഞാനവും സാങ്കേതികമികവും ഉപയോഗിച്ച്‌ ആണവ ഊര്‍ജ്ജശേഷികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി നിര്‍മ്മിക്കുകയായിരുന്നു. അത്‌ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്‌ നമ്മുടെ മികവുകൊണ്ടാണ്‌. എന്നത്തേയും സാഹചര്യത്തില്‍ ഇന്ത്യയ്ക്ക്‌ ഇത്‌ അനിവാര്യമാണ്‌