Friday, 29 May 2009

ലോക്‌സഭാ :: സഭാകമ്പം !!!


പുതുതായി സത്യപ്രതിജ്‌ഞ ചെയ്‌ത കേന്ദ്രമന്ത്രിമാരില്‍ ശശി തരൂര്‍ ഒഴികെയുള്ളവര്‍ക്കു സഭാകമ്പം കലശലായി. രാജ്യാന്തര പരിവേഷവുമായെത്തിയ ശശി തരൂര്‍ ത്രിവര്‍ണവേഷ്‌ടിയും ജുബ്ബയുമണിഞ്ഞ്‌ മലയാളത്തനിമയോടെ 'നല്ല ഇംഗ്ലീഷില്‍' പ്രതിജ്‌ഞയെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ വീരോചിത വിജയത്തിനു ചുക്കാന്‍ പിടിച്ച ജയ്‌റാം രമേഷ്‌ ഉള്‍പ്പെടെയുള്ള പരിണതപ്രജ്‌ഞരും സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ പുതുമുഖങ്ങളും രാഷ്‌ട്രപതിക്കു മുന്നില്‍ പ്രതിജ്‌ഞയെടുക്കവേ പതറിപ്പോയി.

മുന്‍ലോക്‌സഭാ സ്‌പീക്കറും എന്‍.സി.പി. നേതാവുമായ പി.എ. സാംഗ്മ നോക്കിനില്‍ക്കേ മകളും സുപ്രീംകോടതി അഭിഭാഷകയുമായ അഗതാ സാംഗ്മ സത്യപ്രതിജ്‌ഞാവേളയില്‍ ശരിക്കും വിരണ്ടു. ഇരുപത്തെട്ടുകാരിയായ അഗതയാണ്‌ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഹിന്ദിയിലുള്ള സത്യപ്രതിജ്‌ഞ ചൊല്ലുന്നതിനിടെ ചില വാക്കുകള്‍ പറയാന്‍ അഗത ബുദ്ധിമുട്ടിയെങ്കിലും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള സദസ്‌ ആഹ്‌ളാദാരവങ്ങളോടെയാണ്‌ അവരെ വരവേറ്റത്‌.

സഹമന്ത്രിയായി ഏറ്റവുമൊടുവില്‍ സത്യപ്രതിജ്‌ഞ ചെയ്‌തതും അഗതയാണ്‌. മേഘാലയയിലെ പരമ്പരാഗത വസ്‌ത്രം ധരിച്ച അഗത മുന്‍നിരയിലിരുന്ന ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്‌ത ശേഷമാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. പൊക്കം കുറവായ അഗതയ്‌ക്കു വേണ്ടി രാഷ്‌ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മൈക്ക്‌ താഴ്‌ത്തിക്കൊടുത്തതു കാണികളില്‍ ചിരിയുണര്‍ത്തി.

സ്വതവേ ചിരിയില്‍ പിശുക്കു കാണിക്കുന്ന സോണിയാ ഗാന്ധി കൗതുകത്തോടെ ചിരിച്ചു കൊണ്ടാണ്‌ മുഴുവന്‍ നേരവും അഗതയുടെ സത്യപ്രതിജ്‌ഞ കണ്ടത്‌. സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം പിതാവ്‌ സാംഗ്മ അടക്കമുള്ളവരെ അഭിവാദ്യം ചെയ്‌ത ശേഷമാണ്‌ അഗത ഇരിപ്പിടത്തിലേക്കു മടങ്ങിയത്‌.

അജ്‌മീര്‍ എം.പിയായ സച്ചിന്‍ പൈലറ്റ്‌ പരമ്പരാഗതവേഷമായ രാജസ്‌ഥാനി തലപ്പാവു ധരിച്ചാണു സത്യപ്രതിജ്‌ഞയ്‌ക്കെത്തിയത്‌. മുന്‍കേന്ദ്രമന്ത്രി രാജേഷ്‌ പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ്‌ സമശീര്‍ഷരായ ജ്യോതിരാദിത്യ സിന്ധ്യ (മുന്‍കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകന്‍), ജിതിന്‍ പ്രസാദ (മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജിതേന്ദ്രപ്രസാദിന്റെ മകന്‍), ഭരത്‌ സിംഗ്‌ സോളങ്കി (ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി മാധവ്‌സിംഗ്‌ സോളങ്കിയുടെ മകന്‍) എന്നിവര്‍ക്കൊപ്പം ഹിന്ദിയില്‍ സത്യപ്രതിജ്‌ഞ ചെയ്‌തു കേന്ദ്രമന്ത്രിസഭയിലെ

യുവകേസരികളായി. രണ്ടാം തവണയാണു ഭരത്‌ സോളങ്കി സഹമന്ത്രിയാകുന്നത്‌. സച്ചിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് അദ്ദേഹത്തിന്റെ ഭാര്യാപിതാവും കേന്ദ്ര കാബിനറ്റ്‌ മന്ത്രിയുമായ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ളയും ഭാര്യാസഹോദരനായ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും സാക്ഷ്യം വഹിച്ചു.

വി.എന്‍. നാരായണസ്വാമിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. സ്വഗത റോയിയും രാഷ്‌ട്രപതി സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും മുമ്പേ തുടങ്ങിവച്ചു. സ്വഗത റോയ്‌ തെറ്റു തിരിച്ചറിഞ്ഞു രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനോടു 'സോറി മാഡം' എന്നു മാപ്പപേക്ഷിച്ചതും സദസില്‍ ചിരിയുണര്‍ത്തി.

കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ ജയ്‌റാം രമേഷാകട്ടെ സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം സ്‌ഥാനമേല്‍ക്കുന്നതായുള്ള രേഖകളില്‍ ഒപ്പുവയ്‌ക്കാ ന്‍ മറന്നു. ഉദ്യോഗസ്‌ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം 'പിഴവു' തിരുത്തി.

ഐക്യരാഷ്‌ട്ര സംഘടനയില്‍ കഴിവു തെളിയിച്ച ശശി തരൂരിനു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാന്‍ സഭാകമ്പം തെല്ലുമില്ലായിരുന്നെങ്കിലും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വസന്ത്‌ദാദ പാട്ടീലിന്റെ കൊച്ചുമകന്‍ പ്രതീക്‌ പ്രതാപ്‌ബാപ്പു പാട്ടീലടക്കമുള്ള പുതുമുഖങ്ങളുടെ അവസ്‌ഥ അതല്ലായിരുന്നു.

കുഷിനഗറില്‍നിന്നുള്ള കോ ണ്‍ഗ്രസ്‌ എം.പി. ആര്‍.പി.എന്‍. സിംഗ്‌ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതു കാണാന്‍ ഭാര്യയും ടിവി അവതാരകയുമായ സോണിയ സിംഗും എത്തിയിരുന്നു. രത്‌ലം എം.പിയായ കാന്തിലാല്‍ ഭുരിയ സോണിയാ ഗാന്ധിയുടെ കാല്‍ തൊട്ടു വന്ദിച്ചാണു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

1 comment: