യൂറോപ്പില്‍ എടുത്തുപറയാവുന്ന സാംസ്കാരിക വിശേഷങ്ങളെല്ലാം കുടികൊള്ളുന്നത് വിയന്നയിലാണ്. വിശ്രുത സംഗീതജ്ഞനായ മൊസാര്‍ട്ടിന്റെ നാട്. ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഓഫീസുകള്‍ പലതും ഈ നഗരത്തില്‍ ഇടംകണ്ടെത്തിയത് യാദൃച്ഛികമല്ല.
വിയന്നയില്‍ കുടിയേറിയ പഞ്ചാബികള്‍ അവിടെ അവരുടെ ആരാധനയ്ക്കും വിശ്വാസത്തിനും ഇണങ്ങിയ വിധം ഒരു ഗുരുദ്വാര നിര്‍മ്മിച്ചു. പഞ്ചാബില്‍നിന്ന് സന്ത് രാമാനുജ് എന്ന ഒരു സിക്ക് സന്യാസിയും സന്ത് നിരഞ്ജന്‍ദാസ് എന്നൊരു മതപ്രഭാഷകനും വിയന്നയിലെ ഗുരുദ്വാരയില്‍ എത്തി വിശ്വാസികളോട് മതകാര്യങ്ങള്‍ പറയുന്നതിനിടയില്‍ സിക്കുകാര്‍ രണ്ട് ചേരിയായി. അവര്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോള്‍ ആ രാജ്യത്തെ നിയമപ്രകാരം പൊലീസ് ഇടപെട്ടു. ക്രമസമാധാന പരിപാലനം ശ്രമകരമായി. പൊലീസ് വെടിവെപ്പില്‍ രാമാനുജ് എന്ന സിക്ക് സന്യാസി കൊല്ലപ്പെട്ടു. പ്രഭാഷകനായ നിരഞ്ജന്‍ദാസ് വെടിയേറ്റ് ആശുപത്രിയിലായി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പറയുന്നു.
വിദേശരാജ്യത്ത് നടന്ന ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഇന്നലെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വാര്‍ത്തയായി. പഞ്ചാബിലും ഹരിയാനയിലും ഇപ്പോള്‍ അത് വലിയ കലാപമായി പടരാന്‍ കാരണമായിരിക്കുന്നു. ജലാന്തര്‍, ലുധിയാന, പഗ്വാര, ഹോഷ്യാപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് അക്രമം പടരുന്നതായാണ് റിപ്പോര്‍ട്ട്. അക്രമികള്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരച്ചുകയറുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. പൊതുഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം തടഞ്ഞു. വാഹനങ്ങള്‍ തീയിട്ടു. കേരളം വഴി കന്യാകുമാരിയില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് പോയ ഹിമസാഗര്‍ എക്സ്പ്രസ് തടഞ്ഞു. മൂന്ന് ബോഗികള്‍ക്ക് തീയിട്ടു. ദേശീയപാത-1 അക്രമികള്‍ ഉപരോധിച്ചു. ഡല്‍ഹി-ലാഹോര്‍ പാത അടച്ചുകഴിഞ്ഞു. പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. സാമൂഹിക വിരുദ്ധരാണ് ഈ അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം ഒരു ഗവണ്‍മെന്റ് രൂപമെടുത്തുവരുന്ന സന്ദര്‍ഭമാണിത്. പ്രധാനമന്ത്രിയും 19 മന്ത്രിമാരും ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ ആദ്യഘട്ടം സത്യപ്രതിജ്ഞ കഴിഞ്ഞതേയുള്ളൂ. വകുപ്പുവിഭജനംപോലും പൂര്‍ത്തിയായിട്ടില്ല. അടുത്തഘട്ടം മന്ത്രിമാരുടെ സത്യപ്രതിജ്ഞ വരുംദിവസം നടക്കും. സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ സുശക്തമായ ഒരു ഗവണ്‍മെന്റ് ഭരണത്തില്‍ വരുന്നതില്‍ അസഹിഷ്ണുതയുള്ള അയല്‍ക്കാര്‍ ഉണ്ടാകാം. ഇന്ത്യയുടെ നാനാഅതിര്‍ത്തി രാജ്യങ്ങളിലും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര കുഴപ്പങ്ങളും നിലനില്‍ക്കുന്നു. അതിനിടെ ഇന്ത്യന്‍ ജനാധിപത്യം ഒരു ലോകമാതൃകയായി വിജയക്കൊടി പാറിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിക്കുന്നവര്‍ 'അങ്ങനെ നെഗളിക്കേണ്ട ഇന്ത്യ' എന്ന് അസൂയാപൂര്‍വ്വം കരുതുന്നുണ്ടാവുമോ ? അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കലാപമുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശചാരസംഘടനകള്‍ ശ്രമിച്ചിട്ടുള്ളതിന് സമീപഭൂതകാലത്തുതന്നെ ഉദാഹരണങ്ങളുണ്ട്.
പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐ കാശ്മീരിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു തീക്കളിയാണ് ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും പൊട്ടിപ്പുറപ്പെട്ട കലാപം. ഭീകരാക്രമണങ്ങളെ നിഗൂഢമായി ആസ്വദിക്കുകയും ഉത്സവം പോലെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു വിശാലഹൃദയം ഇന്ത്യയ്ക്കുണ്ട്. എന്നുകരുതി മതങ്ങള്‍ തമ്മിലും മതവിശ്വാസികള്‍ക്കിടയിലും അന്തച്ഛിദ്രം വളര്‍ത്തി രാജ്യത്തെ അട്ടിമറിക്കാം എന്ന് വിദേശത്തോ സ്വദേശത്തോ ഉള്ള ഏതെങ്കിലും വിധ്വംസകശക്തി ശ്രമിച്ചാല്‍ നേരിടാനും ഈ മഹാരാജ്യം സുസജ്ജമാണ്.
No comments:
Post a Comment