Monday, 25 May 2009
പ്രധാനമന്ത്രിയുടെ പവിത്ര സംഘം
പുതിയ കേന്ദ്രമന്ത്രിസഭയുടെ ആദ്യഘട്ട വകുപ്പുവിഭജനം പൊതുവേ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെയാണ് നടത്തിയിരിക്കുന്നത്. എ.കെ. ആന്റണിക്ക് പ്രതിരോധവും പി. ചിദംബരത്തിന് ആഭ്യന്തരവും എസ്.എം. കൃഷ്‌ണയ്‌ക്ക് വിദേശകാര്യവും നല്‍കിയത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രഗല്‌ഭരുടെ നിര വേണമെന്ന ലക്ഷ്യത്തോടെയാവണം. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ നിര്‍ണായകപ്രാധാന്യമുള്ള ധനവകുപ്പ് പരിചയസമ്പന്നനായ പ്രണബ് മുഖര്‍ജിക്കും കൃഷിവകുപ്പ് ശരദ്‌പവാറിനും റെയില്‍വേ മമതാബാനര്‍ജിക്കും നല്‍കിയിരിക്കുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഒട്ടേറെ ഭീഷണികള്‍ രാജ്യം നേരിടുന്ന സാഹചര്യത്തില്‍ ആന്റണിക്കും ചിദംബരത്തിനും കൃഷ്‌ണയ്‌ക്കും വലിയ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്. മുന്‍മന്ത്രിസഭയില്‍ കൈകാര്യംചെയ്‌തിരുന്ന വകുപ്പുകള്‍തന്നെ ആന്റണിക്കും ചിദംബരത്തിനും നല്‍കിയത് അവരുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കാണാം.
2006ല്‍ പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി കാര്യക്ഷമതയും സംശുദ്ധമായ പ്രതിച്ഛായയുംകൊണ്ട് ഏറെ ശ്രദ്ധേയനായി. പ്രതിരോധാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലും ഇടപാടുകള്‍ അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്, തീരദേശത്തിന്റെയും സമുദ്രസമ്പത്തിന്റെയും സുരക്ഷയ്‌ക്ക് നാവികസേനയുടെ മേല്‍നോട്ടത്തില്‍ ഫലപ്രദമായ ത്രിതലസംവിധാനം പ്രതിരോധമന്ത്രാലയം ആവിഷ്‌കരിച്ചു. പ്രതിരോധഗവേഷണസ്ഥാപനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് സൈനികരുടെ ആത്മവീര്യം ഉയര്‍ത്തു ന്നതിലും ആന്റണി വലിയ പങ്കുവഹിച്ചു. കേരളത്തില്‍ പല പ്രതിരോധവ്യവസായയൂണിറ്റുകളും കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നു സേനാവിഭാഗങ്ങളും മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ആയുധങ്ങളും മറ്റ് ആധുനികസംവിധാനങ്ങളും വാങ്ങേണ്ടതുണ്ട്. പല ഇടപാടുകളും നിര്‍വഹണഘട്ടത്തിലാണ്. രാഷ്ട്രതാത്‌പര്യങ്ങള്‍ സംരക്ഷിച്ചും സുതാര്യത ഉറപ്പാക്കിയും ഇവയെല്ലാം കൈകാര്യംചെയ്യുക എന്നതാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാനദൗത്യങ്ങളില്‍ ചിലത്.
മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രിസ്ഥാനത്തെത്തിയ പി. ചിദംബരം രാജ്യസുരക്ഷയ്‌ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മതിപ്പുളവാക്കി. പുതിയ തീവ്രവാദവിരുദ്ധനിയമവും അന്വേഷണ ഏജന്‍സിയുടെ രൂപവത്‌കരണവും ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തരവകുപ്പിനു കഴിഞ്ഞു. ഭീകരരും ഛിദ്രശക്തികളും വര്‍ഗീയവാദികളും മറ്റും വീണ്ടും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. രാജ്യത്തിന്റെ പുരോഗതിതന്നെ ആഭ്യന്തരസുരക്ഷിതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടങ്ങിവെച്ച നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഈ രംഗത്ത് ലക്ഷ്യംകൈവരിക്കാനും ചിദംബരത്തിനു കഴിയുമെന്ന വിശ്വാസമാണ് പൊതുവേയുള്ളത്.
എസ്.എം. കൃഷ്‌ണ വിദേശകാര്യമന്ത്രിസ്ഥാനത്ത് പുതുമുഖമാണെങ്കിലും രാഷ്ട്രീയ, ഭരണമണ്ഡലങ്ങളില്‍ പ്രാഗല്‌ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്. അയല്‍രാജ്യങ്ങളിലെ, വിശേഷിച്ച് പാകിസ്‌താനിലെയും ശ്രീലങ്കയിലെയും മറ്റും സ്ഥിതിഗതികളില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. വര്‍ണ, വര്‍ഗ, രാഷ്ട്രീയവ്യവസ്ഥകള്‍ക്കതീതമായി രാജ്യങ്ങള്‍തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തണമെന്നാണ് ഇന്ത്യ ആഗ്രഹിച്ചുപോന്നിട്ടുള്ളത്. ഭീകരതയ്‌ക്കെതിരെ നിതാന്തജാഗ്രത പാലിച്ചുകൊണ്ടുതന്നെ പാകിസ്‌താനുമായുള്ള സമാധാനപ്രക്രിയ പുനരാരംഭിക്കണം. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങളിലും പ്രശ്‌നങ്ങളിലുമുള്ള അവഗാഹം, തന്നെ കാത്തിരിക്കുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന് വിദേശകാര്യ മന്ത്രിക്ക് സഹായകമാകു മെന്നാശിക്കാം. ദേശീയസുരക്ഷ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യവകുപ്പുകളുടെ പ്രവര്‍ത്തനമികവിനെ ആശ്രയിച്ചാണിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment