Thursday, 14 May 2009

വര്‍ധിപ്പിച്ച മെഡിക്കല്‍ സീറ്റ്‌: തൃശ്ശൂരിന്‌ അംഗീകാരം,കോട്ടയം, ആലപ്പുഴ തീരുമാനം പിന്നീട്‌ ...


മൂന്ന്‌ വര്‍ഷം മുമ്പ്‌ തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിച്ച 150 മെഡിക്കല്‍ സീറ്റുകളില്‍ തൃശ്ശൂരിലെ 50 സീറ്റിന്‌ മാത്രം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകാരം നല്‍കിയതായി അറിയുന്നു. 

എന്നാല്‍ കോട്ടയം, ആലപ്പുഴ മെഡിക്കല്‍കോളേജുകളില്‍ സൗകര്യങ്ങള്‍ അപര്യാപ്‌തമായതിനാല്‍ മൂന്നാഴ്‌ചയ്‌ക്കകം സൗകര്യങ്ങള്‍ സംബന്ധിച്ച 'കംപ്ലെയന്‍സ്‌' റിപ്പോര്‍ട്ട്‌ നല്‍കാനും കൗണ്‍സില്‍ സമയം നല്‍കിയിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഈ കോളേജുകളിലെ കൂട്ടിയ സീറ്റുകളുടെ ഭാവി തീരുമാനിക്കപ്പെടുക. 

കൂടുതല്‍ അധ്യാപകരെ നിയമിക്കുക, പഠനത്തിനാവശ്യമായ തിയേറ്റര്‍ സൗകര്യം പൂര്‍ത്തിയാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ അതൃപ്‌തി രേഖപ്പെടുത്തിയത്‌. കൂടുതല്‍ അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി, നിയമനം ഉറപ്പാക്കി മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കുമെന്നുതന്നെയാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ റംലാബീവി പറഞ്ഞു. 

എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപക തസ്‌തികയില്‍ 550 ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്‌. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ആകെ 26 അധ്യാപകരെ നിയമിക്കാന്‍ മാത്രമേ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുള്ളു. പി.ജി. ഡിഗ്രിയുള്ള ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ്‌, ആകര്‍ഷകമല്ലാത്ത വേതനഘടന എന്നിവ കാരണം അധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ട്‌. 

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്ക്‌ വരുമ്പോള്‍ മറ്റ്‌ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ താത്‌ക്കാലിക സ്ഥലംമാറ്റം നല്‍കി, മുട്ടുശാന്തിക്കായി അംഗീകാരം വാങ്ങിയെടുക്കുന്ന രീതിയാണ്‌ തുടര്‍ന്നിരുന്നത്‌. എന്നാല്‍ ഈ ആവശ്യം മെഡിക്കല്‍കോളേജ്‌ ടീച്ചര്‍മാരുടെ സംഘടന കെ.ജി.എം.സി.ടി. സര്‍ക്കാരിന്റെ 'കളി'ക്ക്‌ കൂട്ടുനില്‍ക്കാതെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. 

ആലപ്പുഴയില്‍ വണ്ടാനത്തെ തിയേറ്റര്‍ കോംപ്ലക്‌സ്‌ പണി തീരാത്തതും ആസ്‌പത്രി പൂര്‍ണമായി മാറ്റാത്തതും മെഡിക്കല്‍ കൗണ്‍സില്‍ പ്രശ്‌നമായി എടുത്തിട്ടുണ്ട്‌. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ കൂട്ടിയ സീറ്റുകള്‍ക്ക്‌ അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതരുടെ പ്രതീക്ഷ. 

കൂട്ടിയ സീറ്റുകളുടെ അംഗീകാരം റദ്ദായിയെന്ന്‌ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന്‌ ആലപ്പുഴ കോളേജ്‌ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഘെരാവോ ചെയ്‌തു. എന്നാല്‍ പിന്നീട്‌ വിദ്യാര്‍ഥികള്‍ കാര്യം മനസ്സിലാക്കി ഘെരാവോ നിര്‍ത്തി പിരിഞ്ഞുപോവുകയാണുണ്ടായത്‌

No comments:

Post a Comment