Saturday 23 May 2009

മാറാടും മുത്തങ്ങയും മറക്കരുത്‌



ആറുപേരുടെ ദാരുണമായ മരണത്തിനിടയാക്കിയ ചെറിയതുറയിലെ വെടിവെയ്പ്‌ നിസ്സാരമായൊരു നടപടിയല്ല. കര്‍ത്തവ്യ നിര്‍വ്വഹണശേഷി നഷ്ടപ്പെട്ട ഒരു സര്‍ക്കാരിന്റെ കീഴിലുള്ള പൊലീസിന്റെ കാടത്തം നിറഞ്ഞ അഴിഞ്ഞാട്ടമാണ്‌. ഒരു തിരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ മടുപ്പും വെറുപ്പും വിട്ടുമാറുന്നതിന്‌ മുമ്പെ ജനങ്ങളെ പാഠംപഠിപ്പിക്കാനിറങ്ങിയ ഭരണകൂടത്തിന്റെ കിങ്കര നടപടിയാണ്‌ ചെറിയതുറയിലുണ്ടായതെന്ന്‌ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ഒരു തെരുവ്‌ തെമ്മാടി സൃഷ്ടിച്ച കുഴപ്പം ആറ്‌ മനുഷ്യജീവനാണ്‌ നഷ്ടപ്പെടുത്തിയതെങ്കില്‍ ഗുണ്ടാ ഭരണം പെരുകിവരുന്ന കേരളത്തില്‍ ഇനിയെത്ര വെടിവെപ്പുകള്‍ വേണ്ടിവരും?
തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ അരിശമാണോ ചെറിയതുറയിലെ ന്യൂനപക്ഷങ്ങളുടെ നെഞ്ചില്‍ നിറയൊഴിച്ചുകൊണ്ട്‌ ഇടത്‌ സര്‍ക്കാര്‍ തീര്‍ത്തതെന്ന ചില തീവ്രപക്ഷക്കാരുടെ നിലപാടുപോലും ഈ ദാരുണ നിമിഷത്തില്‍ സാധൂകരിക്കപ്പെടും.

വെടിവെച്ച പൊലീസിന്റെ നടപടി സമാധാന സംരക്ഷണാര്‍ത്ഥമാണെന്ന്‌ ആര്‍ക്കും ന്യായീകരിക്കാനാവില്ല. ഇതിലും വലിയ സംഘര്‍ഷത്തെയും രോഷപ്രകടനത്തെയും സമര്‍ത്ഥമായി കൈകാര്യം ചെയ്ത പാരമ്പര്യം കേരള പൊലീസിനുണ്ട്‌. ഒമ്പതുപേര്‍ കൊല്ലപ്പെട്ട മാറാട്‌ കടപ്പുറത്തേക്ക്‌ നിമിഷങ്ങള്‍ക്കകം കടന്നെത്തിയ പൊലീസ്‌ വ്യൂഹത്തെ നേരിടാന്‍ സ്ത്രീകളടക്കമുള്ള ആള്‍ക്കൂട്ടമായിരുന്നു സംഘടിച്ചുനിന്നത്‌. ഒമ്പതുപേരുടെ ശവശരീരങ്ങള്‍ ഒരു ഭാഗത്ത്‌; പരുക്കേറ്റവര്‍ അതിലേറെ; തടയാനെത്തിയ പൊലീസിന്‌ മുന്നില്‍ ആയുധമേന്തിയ ആള്‍ക്കൂട്ടം. എന്നാല്‍ ഒരു വെടിവെയ്പോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസോ പ്രയോഗിക്കാതെ മാറാട്ടെ രോഷജനതയെ പിരിച്ചുവിടാന്‍ അന്നത്തെ പൊലീസിന്‌ സാധിച്ചു. അതേ പൊലീസ്‌ തന്നെയാണ്‌ ഇന്നുള്ളത്‌. പക്ഷെ, പൊലീസിന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മുഖംനോക്കാതെ നീതി നടപ്പാക്കാനുള്ള അധികാരം നല്‍കിയിരുന്നു. അതുകൊണ്ടായിരുന്നു മാറാടിനുശേഷം ഒരുതുള്ളി രക്തം കേരളത്തില്‍ തെറിച്ചുവീഴാതിരുന്നത്‌.

ഉത്തര മലബാറിലെ ചോരപ്പുഴ വറ്റിയതും കൊലപാതകികള്‍ കൊലക്കത്തി താഴെയിട്ടതും നീതിമുഖമുള്ള പൊലീസിനെ പേടിച്ചായിരുന്നു. പക്ഷെ; ആന്റണിയുടെ ആത്മാര്‍ത്ഥതയെ അന്നത്തെ പ്രതിപക്ഷം തിരിച്ചറിഞ്ഞില്ല. മാറാടിനെ മാന്തി പുണ്ണാക്കാന്‍ സംഘ്പരിവാറിനേക്കാള്‍ ആവേശത്തോടെ അവര്‍ രംഗത്തിറങ്ങി. തീയണക്കാന്‍ യു ഡി എഫ്‌ സര്‍ക്കാര്‍ വെള്ളമൊഴിച്ചപ്പോള്‍ സി പി എം ടാങ്കില്‍നിന്നും പമ്പ്‌ ചെയ്തത്‌ പെട്രോളായിരുന്നു. ഒരു ഭാഗത്തുനിന്നും ഇരയെയും മറുഭാഗത്തുനിന്ന്‌ വേട്ടക്കാരനെയും സി പി എം ഉത്തേജനം നല്‍കി പ്രോത്സാഹിപ്പിച്ചു. മാറാട്‌ കലാപത്തില്‍ ഒട്ടനവധി നിരപരാധികള്‍ക്ക്‌ ജീവന്‍ നഷ്ടമാവുകയും സ്വത്തുക്കള്‍ തകര്‍ക്കപ്പെടുകയും ചെയ്തത്‌ മനുഷ്യത്വമുള്ളവരെല്ലാം ദുഖത്തോടെയാണ്‌ ഓര്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയ നേട്ടത്തിന്റെ തുലാസില്‍ നോക്കിയായിരുന്നു സി പി എം മാറാടിനെ വിലയിരുത്തിയത്‌. 

ഒരു ആദിവാസി വെടിയേറ്റ്‌ മരിക്കുകയും ഒരു പൊലീസുകാരന്‍ ബന്ധനസ്ഥനായ നിലയില്‍ വെട്ടേറ്റ്‌ കൊല്ലപ്പെടുകയും ചെയ്ത മുത്തങ്ങ സംഭവത്തില്‍ സി പി എം നടത്തിയ മുതലെടുപ്പ്‌ അങ്ങേയറ്റം നിന്ദ്യമായിരുന്നു. ആദിവാസി ഭൂമി വിതരണത്തില്‍ അങ്ങേയറ്റം അനുകൂലമായ നിലപാട്‌ സ്വീകരിച്ച ആന്റണി സര്‍ക്കാരിനെതിരെ ഒരു കലാപമായി തീവ്രവാദി സംഘടനകള്‍ ഭൂസമരത്തെ വളര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ കൊല്ലപ്പെട്ട ജോഗിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ച സി പി എം കലാപകാരികളുടെ വെട്ടേറ്റ്‌ മരിച്ച പൊലീസുകാരനെ മര്‍ദ്ദകനായി ചിത്രീകരിച്ചു.കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത്‌ പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ വെടിയേറ്റ്‌ മരിച്ച സിറാജുന്നീസ എന്ന ബാലികയുടെ മൃതദേഹവും ചുമന്ന്‌ സി പി എം നടത്തിയ ചൂതാട്ടം കേരളം മറന്നിട്ടില്ല. വര്‍ഗീയ കലാപത്തെയും സി പി എം രാഷട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിച്ചു. ആര്‍ എസ്‌ എസിനേക്കാള്‍ വലിയ വര്‍ഗീയ പ്രചാരകരായി ഇക്കാലയളവില്‍ രംഗത്തെത്തിയത്‌ സി പി എം ആയിരുന്നു.

തലശേരിയും പുതുപ്പള്ളി തെരുവും മുത്തങ്ങയും മാറാടും നമുക്ക്‌ ചില തിരിച്ചറിവുകള്‍ നല്‍കുന്നു. ഭരണ-പ്രതിപക്ഷ ചിന്തകളില്ലാതെയാണ്‌ ഇത്തരം നിര്‍ണ്ണായക വേളകളില്‍ കോണ്‍ഗ്രസും യു ഡി എഫും തീയണക്കാന്‍ മുന്നിട്ടിറങ്ങാറുള്ളത്‌. പക്ഷെ, പലപ്പോഴും സി പി എമ്മിന്റെ പ്രവര്‍ത്തനം തീയാളുമ്പോള്‍ വാഴവെട്ടാനൊരുങ്ങുന്ന രീതിയിലാണ്‌. 
തീയാളുമ്പോള്‍ ചെറിയതുറയിലെത്തിയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അവിടെ എണ്ണ ഒഴിച്ചില്ല; അവര്‍ സൗഹാര്‍ദ്ദത്തിന്റെ സാന്ത്വന സന്ദേശം നല്‍കി. പൈറ്റ്ദിവസം സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രിയും മന്ത്രികൂട്ടവും ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു പാര്‍ട്ടി മുഖപത്രത്തില്‍ കണ്ടത്‌.

No comments:

Post a Comment