Friday, 22 May 2009

ഡോ. മന്‍മോഹന്‍ സിംഗ്‌:ലോകം ഈ വിജയത്തെ വാഴ്ത്തുന്നു.


 സൗമ്യവും നിശബ്ദവുമായി ഡോ. മന്‍മോഹന്‍ സിംഗ്‌ ആവിഷ്ക്കരിച്ച നയപരിപാടികളുടെ നേട്ടമായി ലോകം ഈ വിജയത്തെ വാഴ്ത്തുന്നു. നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശ്രീലങ്കയിലെ പോലെ ആ അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അവിടുത്തെ നേതാക്കള്‍ വ്യാപൃതരായിരിക്കാം.

മൂന്നാംമുന്നണി ഉണ്ടാക്കി രാജ്യംപിടിച്ചടക്കും എന്ന്‌ പറഞ്ഞ്‌ തെരഞ്ഞെടുപ്പിന്‌ ഇറങ്ങിയ ഇടതുപക്ഷ നേതാക്കള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ അണ്ടി കളഞ്ഞ അണ്ണാനെ പ്പോലെയാണ്‌. പതിനാലാം ലോക്സഭയില്‍ ഇടതുപക്ഷത്തിന്‌ ഉണ്ടായിരുന്ന അംഗബലത്തിന്റെ പകുതിപോലും ഇപ്പോള്‍ അവര്‍ക്കില്ല. ഡോ.മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദങ്ങളായ നയങ്ങളെല്ലാം തങ്ങളുടെ ആശയമായിരുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സി.പി.എം നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, കാര്‍ഷിക വായ്പാ കുടിശിക റദ്ദാക്കല്‍ എന്നിവയെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നത്‌ കണ്ട്‌; ഇടതുപക്ഷം നാലരക്കൊല്ലം യു.പി.എ ഗവണ്‍മെന്റിന്‌ പുറംപിന്തുണ നല്‍കിയതിന്റെ പേരില്‍ ഭരണനേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യബോധമുള്ള വോട്ടര്‍മാര്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്‌ രാജ്യഭരണം പിടിക്കാനിറങ്ങിയ മൂന്നാം മുന്നണിയുടെ തലതൊട്ടപ്പനായ എച്ച്‌.ഡി.ദേവഗൗഡ (ജനതാദള്‍-എസ്‌) കോണ്‍ഗ്രസിനെ പിന്തുണ അറിയിക്കാന്‍ മകന്‍ കുമാരസ്വാമിയെ ഡല്‍ഹിയിലേക്ക്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ കോണ്‍ഗ്രസുമായി സീറ്റ്‌ പങ്കിടാന്‍ വിസമ്മതിച്ച സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരുടെ എം.പിമാരുടെ പിന്തുണ രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നു. യു.പി സംസ്ഥാനം ഭരിക്കുന്ന ബഹുജന്‍ സമാജ്പാര്‍ട്ടി സ്വമേധയാ കോണ്‍ഗ്രസിന്‌ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. പഴയ ഒരു ശൈലിയില്‍ പറഞ്ഞാല്‍, അഹമഹമിഹയാ വിവിധ പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്‌ പിന്തുണയും വാഗ്ദാനം ചെയ്ത്‌ ഒന്നൊന്നായി മുന്നോട്ടുവരികയാണ്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളാകട്ടെ അവരുടെ പരമ്പരാഗത ശക്തിപ്രദേശങ്ങളായ പടിഞ്ഞാറെ ബംഗാളിലും കേരളത്തിലും ഏറ്റ പ്രഹരത്തിന്റെ കാരണം തിരഞ്ഞ്‌ ഇരുട്ടില്‍ത്തപ്പുന്നു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ കാണാനില്ല. എവിടെയോ ഇരുന്ന്‌ അദ്ദേഹം രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍ തോല്‍വിയുടെ കാരണം സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ അപഥ സഞ്ചാരം മൂലമാണെന്ന്‌ പറയാന്‍ പദാവലികളും തേച്ചുമിനുക്കി ഡല്‍ഹിയിലെത്തി. മറിച്ച്‌ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ തോറ്റതെന്ന്‌ കുറ്റപ്പെടുത്താന്‍ മുഷ്ടി ചുരുട്ടി സി.പി.എം സെക്രട്ടറി പിണറായി വിജയനും പി ബി യോഗത്തിനെത്തി. ഇതൊക്കെകണ്ട്‌ പ്രകാശ്‌ കാരാട്ട്‌ ഉള്ളില്‍ ചിരിക്കുകയാണ്‌. പറ്റിയാല്‍ പ്രധാനമന്ത്രിയാകാന്‍ രഹസ്യമായി അഭിലഷിച്ച ആളാണല്ലോ കാരാട്ട്‌.

അടുത്ത കേന്ദ്രസര്‍ക്കാരിനെ താന്‍ തീരുമാനിക്കുമെന്ന്‌ അഹങ്കരിച്ച കുമാരി ജയലളിത ഫലം പുറത്തുവന്നശേഷം ഇതുവരെ സംസാരിച്ചിട്ടില്ല. വാക്കുകളുടെ വിസ്മയമില്ലാതെ, സൗമ്യതകൊണ്ടും വിനയം കൊണ്ടും എന്നാല്‍ ഉറച്ച ലക്ഷ്യബോധം കൊണ്ടും വാഗ്ദാന പാലനത്തിന്റെ മാന്യതകൊണ്ടും ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠനേടിയ ഡോ.മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഡറായി എ.ഐ.സി.സി അധ്യക്ഷ ഇന്നലെ നാമനിര്‍ദ്ദേശം ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ധനശാസ്ത്രജ്ഞന്‍ ആണ്‌ ഡോ.മന്‍മോഹന്‍ സിംഗ്‌. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം എത്തുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ എഴുന്നേറ്റ്‌ നിന്ന്‌ ബഹുമാനപൂര്‍വ്വം ആദരിക്കുന്നു. അത്തരമൊരു ആദരവ്‌ മുമ്പ്‌ ലഭിച്ചിട്ടുള്ള ഇന്ത്യക്കാര്‍ വിരലിലെണ്ണാന്‍ തന്നെയില്ല.

ശാസ്ത്രലോകം ആദരിച്ചിരുന്ന സത്യേന്ദ്രനാഥ ബോസ്‌, സാഹിത്യലോകം ആദരിച്ചിരുന്ന മഹാകവി ടാഗോര്‍, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു... ഇങ്ങനെ ചുരുക്കം പേരുടെ നിരയിലേക്കാണ്‌ ധനശാസ്ത്ര വിദഗ്ധനെന്ന ബഹുമതിയോടെ ഡോ.മന്‍മോഹന്‍ സിംഗ്‌ കടന്നുവരുന്നത്‌. (മഹാത്മജിയുടെ മഹത്വം ലോകം തിരിച്ചറിഞ്ഞത്‌ അദ്ദേഹം രക്തസാക്ഷിയായശേഷമാണ്‌)നെഹ്‌റുവിന്‌ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനിര അര്‍പ്പിച്ച ബഹുമാനം ഓര്‍ത്തുപോകുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ.കെ.ഗോപാലന്‍, സോഷ്യലിസ്റ്റുകളായിരുന്ന ഡോ.രാം മനോഹര്‍ ലോഹ്യ, നാഥ്‌ പൈ, ജയപ്രകാശ്‌ നാരായണ്‍ തുടങ്ങിയവരുടെ കാലത്തെക്കുറിച്ച്‌ ഇപ്പോള്‍ പറഞ്ഞിട്ട്‌ കാര്യമില്ല. എങ്കിലും മന്‍മോഹന്‍ സിംഗിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവര്‍ പശ്ചാത്തപിക്കേണ്ട സമയമാണിത്‌. അല്ലെങ്കില്‍ അവര്‍ മനുഷ്യരാണെന്ന്‌ കരുതാന്‍ വിഷമം.

No comments:

Post a Comment